
തിരുവനന്തപുരം: ബ്രൂവറി വിവാദത്തില്‍ സര്‍ക്കാറിനെതിരെ പുതിയ ആരോപണവുമായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ശ്രീചക്ര ഡിസ്റ്റിലറിക്ക് ലൈസന്‍സ് നല്‍കുന്നതിനെതിരെ അന്നത്തെ എക്സൈസ് വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറിയും അഡീഷണല്‍ ചീഫ് സെക്രട്ടറിയുമായിരുന്ന ടോം ജോസ് എതിര്‍ത്തിട്ടും രഹസ്യമായി അനുമതി നല്‍കുകയായിരുന്നെന്ന് ചെന്നിത്തല ആരോപിച്ചു.
ഏഴ്മാസവും എട്ട് ദിവസവും എക്സൈസ് മന്ത്രിയുടെ ഓഫീസില്‍ ഫയല്‍ ഉണ്ടായിരുന്നു. എന്നാല്‍ ഡിസ്റ്റിലറിക്ക് അനുമതി നല്‍കുന്നത് 7.7.2018 നാണ്. കേരളം പ്രളയത്തില്‍ മുങ്ങിയ ഈ ദിവസങ്ങളില്‍തന്നെ ഈ ഫയല്‍ മുഖ്യമന്ത്രി പരിഗണിച്ചതും അനുമതി നല്‍കിയതും 'ഡീലുറപ്പി'ക്കാനാണെന്ന് ചെന്നിത്തല ആരോപിച്ചു.
ബ്രൂവറിയില്‍ വന്‍ കുംഭകോണം
ടോം ജോസ് ഐഎഎസിന്‍റെ എതിര്‍പ്പ് മറികടന്ന് എക്സൈസ് മന്ത്രി ടി.പി.രാമകൃഷ്ണന്‍ ലൈസന്‍സിന് അനുമതി എഴുതി നല്‍കിയത് മലയാളത്തിലാണ്. താന്‍ പറഞ്ഞ കാര്യം ശരിയാണോയെന്ന് ആര്‍ക്കും പരിശോധിക്കാം. ബ്രൂവറി കുംഭകോണത്തിന് പിന്നിലുള്ള എക്സൈസ് മന്ത്രി രാജിവെക്കണം.
തെരഞ്ഞെടുപ്പ് കാലത്ത് പണം കിട്ടിയതിന് മദ്യ രാജാക്കന്‍മാര്‍ക്ക് സര്‍ക്കാര്‍ നല്‍കിയ പരോപകാരമാണിതെന്നും ചെന്നിത്തല ആരോപിച്ചു. കിന്‍ഫ്രാ ഇന്‍ഫോടെക്കില്‍ ബ്രൂവറി അനുവദിച്ചെങ്കിലും അഴിമതി ഉണ്ടെന്നാണ് ചെന്നിത്തലയുടെ ആരോപണം. ഭൂമി അനുവദിക്കാന്‍ അധികാരമില്ലാത്ത കിന്‍ഫ്രയിലെ ജനറല്‍ മാനേജര്‍ എന്ത് അടിസ്ഥാനത്തിലാണ് ബ്രൂവറിക്ക് സ്ഥലം അനുവദിച്ചതെന്നും ചെന്നിത്തല ചോദിച്ചു.
ഒന്നാം പ്രതി മുഖ്യമന്ത്രി
ഓരോ ഫയലും ഓരോ ജീവിതമാണെന്ന ഗാന്ധിജിയുടെ വാക്കുകളെ കടമെടുക്കുന്ന മുഖ്യമന്ത്രി, ആറ് മാസവും എട്ട് ദിവസവും എക്സൈസ് വകുപ്പ് മന്ത്രിയുടെ ഓഫീസില്‍ ബ്രൂവറി ഫയല്‍ കെട്ടിക്കിടന്നത് അറിഞ്ഞില്ലേയെന്നും ചെന്നിത്തല ചോദിച്ചു. ആടിനെ പട്ടിയാക്കുന്നത് മുഖ്യമന്ത്രി തന്നെയാണ്. കൂടുതല്‍ മദ്യ നിര്‍മ്മാണശാലകള്‍ തുറക്കാനാണ് ഇടതു നയമെങ്കില്‍ എന്തുകൊണ്ട് അത് കാനം രാജേന്ദ്രന്‍ അറിഞ്ഞില്ലെന്നും ചെന്നിത്തല ചോദിച്ചു. തന്‍റെ ആരോപണം തെറ്റെന്ന് തെളിയിക്കാന്‍ എക്സൈസ് മന്ത്രിയെയും മുഖ്യമന്ത്രിയേയും പ്രതിപക്ഷനേതാവ് വെല്ലുവിളിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam