ബ്രിക്‌സ് ഉച്ചകോടി നാളെ മുതല്‍, ഭീകരവാദം പ്രധാനചര്‍ച്ച, രാജ്യാന്തരസഹകരണം വേണമെന്ന് ഇന്ത്യ

By Web DeskFirst Published Oct 14, 2016, 10:11 AM IST
Highlights

ഭീകരവാദം നേരിടുന്നതിന്  രാജ്യാന്തര സഹകരണം ശക്തമാകണമെന്ന് ഇന്ത്യ, ബ്രിക്‌സ് രാജ്യങ്ങളോടാവശ്യപ്പെട്ടു. നാളെ ഗോവയില്‍ തുടങ്ങുന്ന ബ്രിക്‌സ് ഉച്ചകോടിക്ക് മുന്നോടിയായാണ് ദേശീയസുരക്ഷ ഉപദേഷ്‌ടാവ് അജിത് ദോവല്‍ അംഗരാജ്യങ്ങള്‍ക്ക് കത്തെഴുതിയത്. ബ്രിക്‌സ് രാജ്യങ്ങളിലെ ജനങ്ങള്‍ തമ്മിലുള്ള ബന്ധം ഊഷ്മളമാക്കാന്‍ ഉച്ചകോടി സഹായിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ട്വീറ്റ് ചെയ്തു.

നാളെയും മറ്റന്നാളുമായി ഗോവയില്‍ നടക്കുന്ന ബ്രിക്‌സ് ഉച്ചകോടിയില്‍ ഭീകരവാദം തന്നെയായിരിക്കും പ്രധാനച‍ര്‍ച്ചാ വിഷയം. ഭീകരവാദം നേരിടുന്നതില്‍ റഷ്യ, ബ്രസീല്‍, ചൈന, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളുടെ പിന്തുണ വേണമെന്ന് ദേശീയസുരക്ഷ ഉപദേഷ്‌ടാവ് അജിത് ദോവല്‍ ആവശ്യപ്പെട്ടു. ആഗോള ഭീകരതക്കെതിരെ സമഗ്രമായ  അന്താരാഷ്‌ട്ര കണ്‍വെന്‍ഷന്‍ വേണമെന്നാണ് ഇന്ത്യയുടെ ആവശ്യം. ഇക്കാര്യം ബ്രിക്‌സ ചര്‍ച്ച ചെയ്യണമെന്നാണ് ഇന്ത്യ അംഗരാജ്യങ്ങളോട് ആവശ്യപ്പെട്ടു. ഇത്തരമൊരു കണ്‍വെന്‍ഷന്‍ വേണമെന്ന് നേരത്തെ ഇന്ത്യ ഐക്യരാഷ്‌ട്രസഭയില്‍ ആവശ്യപ്പെട്ടിരുന്നു. ഗോവ ഉച്ചകോടിയില്‍ ഇക്കാര്യം വീണ്ടും ഉന്നയിക്കും. ഉന്ത്യ നടത്തിയ മിന്നലാക്രമണത്തിന് റഷ്യയുടെ പിന്തുണ കിട്ടിയിട്ടുണ്ടെങ്കിലും ചൈന പാകിസ്ഥാനൊപ്പമാണ്. ഇന്ത്യയുടെ നിര്‍ദ്ദേശത്തിന് ചൈനയുടെ മറുപടി എന്തായിരിക്കുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. ബ്രിക്‌സ് ഉച്ചകോടിയില്‍ ആദ്യമായി ബിംസ്ടെക് രാജ്യങ്ങളും പങ്കെടുക്കുന്നുണ്ട് ഭീകരവാദത്തെ നേരിടുന്നതിന് ബംഗ്ലാദേശ്, ശ്രീലങ്ക, നേപ്പാള്‍, ബൂട്ടാന്‍, തായ്‍ലാന്റ്, മ്യാന്‍മാര്‍ എന്നീ ബിംസ്ടെക് രാജ്യങ്ങളുടെ പിന്തുണകൂടി ഇന്ത്യ ലക്ഷ്യമിടുന്നു.  സാമ്പത്തികവും രാഷ്‌ട്രീയവുമായ ബന്ധം ശക്തിപ്പെടുത്താന്‍ ബ്രിക്‌സ് ഉച്ചകോടിക്ക് കഴിയുമെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. സഹകരണത്തിനുള്ള സാധ്യത പൂര്‍ണ്ണമായും പ്രയോജനപ്പെടുത്താന്‍ ഉച്ചകോടയില്‍ കഴിയുമെന്നും പ്രധാനമന്ത്രി പറഞ്ഞു.  ഉച്ചകോടിക്കിടെ റഷ്യയും ചൈനയുമായി ഇന്ത്യ ഉഭയകക്ഷി ചര്‍ച്ച നടത്തും.ഇതിനിടെ ടിബറ്റന്‍ പ്രശ്നവും ബ്രിക്‌സില്‍ ചര്‍‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ ദില്ലിയില്‍ ചൈനീസ് എംബസിയിലേക്ക് മാര്‍ച്ച് നടത്തി.

click me!