ഒമാൻ തീരത്ത് സുൽത്താൻ ഖാബൂസ് തുറമുഖത്തിന് സമീപം ഒരു കപ്പലിന് നേരെ ഇറാൻ ഡ്രോൺ ബോട്ട് ഉപയോഗിച്ച് ആക്രമണം നടത്തി. ഈ ആക്രമണത്തിൽ കപ്പലിന് തീപിടിക്കുകയും ഒരു ഇന്ത്യാക്കാരൻ കൊല്ലപ്പെടുകയും ചെയ്തു
മനാമ: ഒമാൻ തീരത്ത് സുൽത്താൻ ഖാബൂസ് തുറമുഖത്തിന് സമീപം കപ്പലിന് നേരെ ഇറാന്റെ കനത്ത ആക്രമണം. സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ ബോട്ട് ഉപയോഗിച്ച് ഇറാൻ നടത്തിയ ആക്രമണത്തിൽ ഇന്ത്യാക്കാരനടക്കം കൊല്ലപ്പെട്ടു. ആക്രമണത്തെത്തുടർന്ന് എം വി ഡി വ്യോം എന്ന കപ്പലിന് തീപിടിക്കുകയും വലിയ നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തു. ആക്രമണ സമയത്ത് കപ്പലിൽ 16 ഇന്ത്യക്കാരാണ് ഉണ്ടായിരുന്നതെന്നാണ് വിവരം. ഇതിൽ ഒരാളാണ് കൊല്ലപ്പെട്ടത്. ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നതേയുള്ളു. കപ്പലിൽ തീ പടർന്നതിനെത്തുടർന്ന് ജീവനക്കാരെ അടിയന്തരമായി ഒഴിപ്പിച്ചു. പരിക്കേറ്റവരെക്കുറിച്ചോ കൊല്ലപ്പെട്ടയാളുടെ കൂടുതൽ വിവരങ്ങളോ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഒമാൻ നാവികസേനയുടെ സഹായത്തോടെയാണ് രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുന്നത്. ഇറാനും അമേരിക്കയും തമ്മിലുള്ള സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിൽ ഒമാൻ തീരത്തുണ്ടായ ഈ നീക്കം അന്താരാഷ്ട്ര തലത്തിൽ വലിയ ആശങ്കയുണ്ടാക്കിയിട്ടുണ്ട്.
കടലാക്രമണം
കടൽ മാർഗമുള്ള ആക്രമണങ്ങൾ ഇറാൻ ശക്തമാക്കുന്നതിന്റെ സൂചനയായാണ് പ്രതിരോധ വിദഗ്ധർ ഇതിനെ കാണുന്നത്. സുൽത്താൻ ഖാബൂസ് തുറമുഖത്തിന് തൊട്ടടുത്ത് വെച്ച് ഇത്തരമൊരു ആക്രമണം നടന്നത് ഗൾഫ് മേഖലയിലെ കപ്പൽ ഗതാഗതത്തിന് വലിയ ഭീഷണിയായിരിക്കുകയാണ്. സംഭവത്തിൽ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ഒമാൻ അധികൃതരുമായി ബന്ധപ്പെട്ട് വരികയാണ്. കപ്പലിലുണ്ടായിരുന്ന ബാക്കി ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്.


