വർക്കലയിൽ ട്രെയിനിൽ നിന്ന് യാത്രക്കാരൻ തള്ളിയിട്ട 19-കാരി ശ്രീക്കുട്ടി മാസങ്ങൾ നീണ്ട ചികിത്സയ്ക്ക് ശേഷം ആശുപത്രി വിട്ടു. കൊച്ചി അമൃത ആശുപത്രിയിൽ പൂർണ്ണമായും സൗജന്യ ചികിത്സയിലൂടെയാണ് പെൺകുട്ടി ജീവിതത്തിലേക്ക് മടങ്ങിവന്നത്.  

കൊച്ചി: തിരുവനന്തപുരം വര്‍ക്കലയില്‍ മദ്യപാനിയായ യാത്രക്കാരൻ ട്രെയിനില്‍ നിന്ന് തള്ളിയിട്ട 19 വയസുകാരി മാസങ്ങൾ നീണ്ട ചികിത്സയ്ക്ക് ശേഷം ആശുപത്രി വിട്ടു. കൊച്ചി അമൃത ആശുപത്രിയിൽ നിന്ന് ഇന്ന് ഉച്ചയോടെയാണ് ശ്രീക്കുട്ടി ആശുപത്രി വിട്ടത്. മകളുടെ ആരോഗ്യനിലയിൽ മികച്ച പുരോഗതിയുണ്ടെന്ന് ശ്രീക്കുട്ടിയുടെ അമ്മ പ്രിയദർശിനി പ്രതികരിച്ചു. അത്ഭുതങ്ങൾ സംഭവിച്ചാലേ മകൾ തിരികെ ജീവിതത്തിലേക്ക് വരൂ എന്നാണ് മെഡിക്കൽ കോളേജിൽ ചികിത്സിച്ച ഡോക്ടർമാർ പറഞ്ഞത്. അമൃത ആശുപത്രിയിലെ ഡോക്ടർമാർക്ക് നന്ദിയെന്നും മകൾ ഇപ്പോള്‍ സ്വയം ഭക്ഷണം കഴിക്കുന്നുണ്ടെന്നും സംസാരിക്കുന്നുണ്ടെന്നും ശ്രീക്കുട്ടിയുടെ അമ്മ പറയുന്നു. അപകടസമയത്ത് ഉണ്ടായിരുന്ന താൽപര്യം പിന്നീട് ആരുടെ ഭാഗത്ത് നിന്നും ഉണ്ടായില്ലെന്ന പരാതിയും ശ്രീക്കുട്ടിയുടെ അമ്മ പങ്കുവെച്ചു. സർക്കാരിൽ നിന്ന് പോലും പിന്നീട് ഒരു അന്വേഷണവും ഉണ്ടായില്ല. അമൃത ആശുപത്രിയിൽ പൂർണമായും സൗജന്യ ചികിത്സയാണ് ലഭ്യമായതെന്നും കുടുംബം കൂട്ടിച്ചേര്‍ത്തു.

ട്രെയിന്‍ യാത്രക്കിടെ സുരേഷ് കുമാർ എന്ന പ്രതിപെൺകുട്ടിയെ ചവിട്ടി പുറത്തേക്കിടുകയായിരുന്നു. നവംബര്‍ രണ്ടിനാണ് കേരള എക്സ്പ്രസ് ട്രെയിനില്‍ യാത്ര ചെയ്യുന്നതിനിടെ പ്രതി സുരേഷ് കുമാര്‍ ശ്രീക്കുട്ടിയെ പുറത്തേക്ക് തള്ളിയിട്ടത്. പുകവലിക്കുന്നത് ചോദ്യം ചെയ്തതിന്‍റെ പേരിലാണ് ജനറൽ കംപാര്‍ട്ട്മെന്‍റിന്‍റെ വാതിലിൽ ഇരുന്ന ശ്രീക്കുട്ടിയെ പ്രതി ട്രെയിനിൽ നിന്ന് ചവിട്ടി വീഴ്ത്തുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന അർച്ചനയേയും ഇയാള്‍ തള്ളിയിടാൻ ശ്രമിച്ചിരുന്നു. അർച്ചനയുടെ ബഹളം കേട്ട് ബിഹാര്‍ സ്വദേശിയായ ശങ്കര്‍ പാസ്വാന്‍ ആണ് പ്രതിയെ കീഴ്‌പ്പെടുത്തി അര്‍ച്ചനയെ രക്ഷിച്ചത്. കേസിലെ പ്രധാന സാക്ഷിയാണ് ശങ്കര്‍ പാസ്വാന്‍. ദിവസങ്ങളോളം നടത്തിയ അന്വേഷണത്തിന് പിന്നാലെയാണ് പൊലീസ് ശങ്കറിനെ കണ്ടെത്തിയത്. സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചപ്പോഴാണ് സ്വന്തം ജീവൻ പണയം വച്ച് രക്ഷാപ്രവർത്തനം നടത്തിയാളെ ശ്രദ്ധയിൽപ്പെട്ടത്.