
തിരുവനന്തപുരം: വനിതാ മതില്‍ സമാപന സമ്മേളനത്തിനിടെ കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം പി ബി അംഗം ബൃന്ദ കാരാട്ട്. ശബരിമല വിഷയത്തിൽ കോൺഗ്രസിന് നയമോ നിലപാടോ ഇല്ലെന്ന് ബൃന്ദ കാരാട്ട് ആരോപിച്ചു. കോൺഗ്രസ് രാവിലെ ആർഎസ്എസിന്റെ ഭാഷയിലും വൈകീട്ട് മുസ്ലീം ലീഗിന്റെ ഭാഷയിലും സംസാരിക്കുന്നുവെന്നും ബൃന്ദ കാരാട്ട് തിരുവനന്തപുരത്ത് പറഞ്ഞു.
സർക്കാരും മതിലിൽ പങ്കാളികളായ മറ്റു സംഘടനകളും കഴിഞ്ഞ ഒരുമാസം മുഴുവൻ സംഘാടനശേഷിയും പുറത്തെടുത്തപ്പോൾ വനിതാ മതിലിൽ പങ്കാളികളായത് ലക്ഷക്കണക്കിന് സ്ത്രീകൾ. വീട്ടമ്മമാരും വിദ്യാർത്ഥിനികളും തൊഴിലാളികളും പ്രൊഫഷണലുകളും അടക്കം എല്ലാ വിഭാഗം സ്ത്രീകളുടേയും പങ്കാളിത്തം സംഘടനകൾ ഉറപ്പാക്കി. ഉച്ചകഴിഞ്ഞപ്പോൾ തന്നെ വിവിധ സംഘടനകളേയും കൂട്ടായ്മകളേയും പ്രതിനിധീകരിച്ച് സ്ത്രീകൾ എത്തിത്തുടങ്ങി.
കാസർകോട് മന്ത്രി കെ.കെ.ഷൈലജ വനിതാമതിലിന്‍റെ ആദ്യ പങ്കാളിയായി. തിരുവനന്തപുരം വെള്ളയമ്പലത്ത് സിപിഎം പോളിറ്റ് ബ്യൂറോ അംഗം വൃന്ദാ കാരാട്ട് അവസാന അംഗമായി. തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയൻ അയ്യങ്കാളി പ്രതിമയിൽ പുഷ്പാർച്ചന നടത്തിയതോടെയാണ് പരിപാടിക്ക് തുടക്കമായത്. സ്ത്രീകൾ പാതയുടെ ഒരുവശത്ത് വനിതാമതിൽ അണി നിരന്നപ്പോൾ പ്രധാന കേന്ദ്രങ്ങളിൽ പുരുഷൻമാർ പാതയുടെ എതിർവശത്ത് സമാന്തര മതിലായി.
സംസ്ഥാന മന്ത്രിമാരും ഇടതുമുന്നണി നേതാക്കളും വിവിധ ജില്ലകളിൽ സംഘാടനത്തിന് നേതൃത്വം കൊടുത്തു. വിഎസ്എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, കെപിഎംഎസ് സംസ്ഥാന പ്രസിഡന്‍റ് പുന്നല ശ്രീകുമാർ എന്നിവർ വിവിധയിടങ്ങളിൽ സംഘാടകരായി. എഴുത്തുകാർ, കലാ സാംസ്കാരിക ചലച്ചിത്ര പ്രവർത്തകർ എന്നിവരടക്കം സാംസ്കാരിക പ്രവർത്തകരുടെ വലിയ പങ്കാളിത്തവും വനിതാ മതിലിന് ഉണ്ടായിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam