ചൊവ്വാഴ്ചകളില്‍ മാത്രം മോഷണം; തീര്‍ന്നില്ല ഈ കള്ളന്റെ വിശേഷങ്ങള്‍....

By Web TeamFirst Published Oct 23, 2018, 1:32 PM IST
Highlights

സിനിമാക്കഥകളെ വെല്ലുന്നതാണ് സമീറിന്റെ മോഷണ കഥ. ചൊവ്വാഴ്ചകളില്‍ പകല്‍ സമയത്ത് ഒരു ബൈക്കുമെടുത്ത് തന്റെ 'അസിസ്റ്റന്‍റി'നൊപ്പം സമീര്‍ കറങ്ങാനിറങ്ങും
 

ഹൈദരാബാദ്: വെറുമൊരു 'സാധാരണ' കള്ളനാണെന്ന് മാത്രമേ മുഹമ്മദ് സമീര്‍ ഖാനെക്കുറിച്ച് ആദ്യം പൊലീസുകാര്‍ കരുതിയുള്ളൂ. കള്ളന്മാരെ പിടിക്കാന്‍ തങ്ങള്‍ വിരിച്ച വലയില്‍ കുടുങ്ങിയ ഒരു 'പാവം കള്ളന്‍'. വിശദമായി ചോദ്യം ചെയ്തപ്പോഴല്ലേ പൊലീസുകാര്‍ ഞെട്ടിയത്. ഇത് വെറും കള്ളനല്ല, ഒരു കഥാപാത്രമാണെന്നാണ് ഇപ്പോള്‍ ഹൈദരാബാദ് പൊലീസ് പറയുന്നത്.

സിനിമാക്കഥകളെ വെല്ലുന്നതാണ് സമീറിന്റെ മോഷണ കഥ. ചൊവ്വാഴ്ചകളില്‍ പകല്‍ സമയത്ത് തന്റെ 'അസിസ്റ്റന്‍റി'നൊപ്പം ഒരു ബൈക്കില്‍ സമീര്‍ കറങ്ങാനിറങ്ങും. പൂട്ടിയിട്ട വീടുകളെല്ലാം നോക്കിവയ്ക്കും. കയറാന്‍ സൗകര്യമുള്ള വീടുകള്‍ പ്രത്യേകം തെരഞ്ഞെടുക്കും. ഒരാള്‍ പുറത്ത് കാത്തുനില്‍ക്കുമ്പോള്‍ മറ്റെയാള്‍ എങ്ങനെയെങ്കിലും അകത്ത് കയറും. കൂടിപ്പോയാല്‍ പതിനഞ്ച് മിനുറ്റ്. ഈ സമയത്തിനുള്ളില്‍ എന്താണോ എടുക്കാനാകുന്നത് അതെടുക്കും. 

കണ്ണിന് കാഴ്ചക്കുറവുള്ളതിനാലാണ് സമീര്‍ മോഷണം നടത്താന്‍ പകല്‍സമയം തന്നെ തെരഞ്ഞെടുത്തത്. ചൊവ്വാഴ്ചകളില്‍ മാത്രം മോഷ്ടിക്കുന്നത് എന്തിനെന്ന് ചോദിച്ച പൊലീസുകാരോട് അത് തന്റെയൊരു വിശ്വാസമാണെന്നായിരുന്നു സമീറിന്റെ മറുപടി. ചൊവ്വാഴ്ചകളില്‍ താന്‍ പിടിക്കപ്പെടില്ലെന്നാണേ്രത സമീര്‍ വിശ്വസിച്ചിരുന്നത്. 

ആന്ധ്രയും തെലങ്കാനയും കേന്ദ്രീകരിച്ചാണ് പ്രധാനമായും സമീര്‍ മോഷണം നടത്തിയിരുന്നത്. ആന്ധ്ര സ്വദേശിയായ മുഹമ്മദ് ഷുഐബ് എന്ന യുവാവാണ് സമീറിന്റെ സഹായി. ഇയാളും പൊലീസിന്റെ പിടിയിലായിട്ടുണ്ട്. 21 ലക്ഷം രൂപയുടെ സ്വര്‍ണ്ണവുമായിട്ടാണ് ഇരുവരും പൊലീസിന്റെ പിടിയിലായത്.
 

click me!