ആംആദ്മി പാർട്ടിക്കു തിരിച്ചടി: കെജ്രിവാളിന്റെ സ്വപ്നങ്ങൾ തകരുന്നു?

By Web DeskFirst Published Apr 13, 2017, 7:39 AM IST
Highlights

ദില്ലി: ആം ആദ്മി പാർട്ടി നേതാവ് അരവിന്ദ് കെജ്രിവാളിന്റെ സ്വപ്നങ്ങൾക്ക് കടിഞ്ഞാണിടുന്നതാണ് ദില്ലിയിലെ ഉപതെരഞ്ഞെടുപ്പ് ഫലം. അടുത്തയാഴ്ച നടക്കുന്ന മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ എഎപിയുടെ സാധ്യതകളെ ഈ ഫലം ബാധിക്കും. ഉത്തർപ്രദേശിനു ശേഷം അത്മവിശ്വാസം നഷ്ടമായ കോൺഗ്രസിന് ആശ്വാസകരമാണ് ഉപതെരഞ്ഞെടുപ്പ് ഫലങ്ങൾ.
 
പഞ്ചാബ് തെരഞ്ഞെടുപ്പിൽ കോൺഗ്രസിനോട് അടിയറവ് പറഞ്ഞ ആംആദ്മി പാർട്ടിക്ക് അതിലും വലിയ തിരിച്ചടിയാണ് ദില്ലി രജൗരി ഗാർഡൻ ഉപതെരഞ്ഞെടുപ്പ് ഫലം. ഉപതെരഞ്ഞെടുപ്പുകൾ സാധാരണ വലിയ ക്യാൻവാസിൽ കാണാനാവില്ല. പ്രാദേശിക സാഹചര്യങ്ങളാണ് വിധി നിർണ്ണയിക്കുന്നത്. എന്നാൽ സിഖ് വിഭാഗത്തിന് നിർണ്ണായക സ്വാധീനമുള്ള രജൗരി ഗാർഡനിൽ പാർട്ടി ദയനീയമായി മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടതിന്റെ സൂചനകൾ ഇലക്ട്രോണിക് യന്ത്രത്തെ മാത്രം പഴിചാരി അരവിന്ദ് കെജ്രിവാളിന് അവഗണിക്കാനാവില്ല. 

ഉത്തർപ്രദേശിനു ശേഷം ബിജെപി വിജയം ഇവിടെ പ്രതീക്ഷിച്ചിരുന്നു. എന്നാൽ ശക്തമായി മത്സരിച്ച് കോൺഗ്രസ് രണ്ടാം സ്ഥാനത്തെത്തിയത് ദില്ലിയിലെ രാഷ്ട്രീയസാഹചര്യം വീണ്ടും മാറുന്നു എന്നതിന്റെ സൂചനയായി. ഇതേ ഫലം അടുത്തയാഴ്ച നടക്കുന്ന മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ ആവർത്തിച്ചാൽ എഎപി അതിന്റെ ജന്മനാട്ടിൽ തുടച്ചുനീക്കൽ ഭീഷണി നേരിടും. യോഗേന്ദർ യാദവിന്റെ സ്വരാജ് ഇന്ത്യ പോലുള്ള വിമത സംഘടനകളും മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ കെജ്രിവാളിന് ഭീഷണിയുമായുണ്ട്. 

അരവിന്ദ് കെജ്രിവാൾ ക്യാംപിലെ 25 എംഎൽഎമാരെ രാജിവയ്പ്പിക്കാൻ ബിജെപി ശ്രമിക്കുന്നു എന്ന റിപ്പോർട്ടുകൾക്കിടയിലാണ് ഈ തെരഞ്ഞെടുപ്പ് ഫലം. ദില്ലിയിൽ തിരിച്ചു വന്നു എന്നു മാത്രമല്ല കർണ്ണാടകത്തിൽ രണ്ട് സീറ്റുകൾ നേടാനായി എന്നതും കോൺഗ്രിന് ആശ്വാസകരമാണ്. ദേശീയതലത്തിൽ ബിജെപിക്ക് ബദൽ മുന്നണി രൂപീകരിക്കുമ്പോൾ അതിന്റെ നേതൃസ്ഥാനം വേണം എന്ന് വാദിക്കാൻ ഈ വിജയങ്ങൾ കോൺഗ്രസിനെ സഹായിക്കും.

click me!