
ലക്നൗ: ബഹുജന്‍ സമാജ്‍വാദി പാര്‍ട്ടി അധ്യക്ഷയായ മായാവതിയുടെ പിറന്നാള്‍ ഇന്നലെയായിരുന്നു. എന്നാല്‍, തന്‍റെ പിറന്നാള്‍ വലിയ തോതില്‍ ആഘോഷിക്കേണ്ടതില്ല എന്ന തീരുമാനത്തിലായിരുന്നു മായാവതി. എന്നാല്‍, പാര്‍ട്ടി പ്രവര്‍ത്തകര്‍ വിടുമോ, അവര്‍ അവരുടെ നേതാവിന്‍റെ 63-ാം പിറന്നാള്‍ കെങ്കേമമായി തന്നെ ആഘോഷിച്ചു.
പക്ഷേ, ആഘോഷത്തിന്‍റെ രീതികള്‍ മാറിയപ്പോള്‍ അത് ചിരിയുണര്‍ത്തുന്ന സംഭവങ്ങളായി മാറിയെന്ന് മാത്രം. യുപിയിലെ അമോറയില്‍ ബിഎസ്പി പ്രവര്‍ത്തകര്‍ നടത്തിയ പിറന്നാള്‍ ആഘോഷത്തിന്‍റെ വീഡിയോ ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വെെറല്‍ ആയിരിക്കുകയാണ്.
സംഭവം വേറൊന്നുമല്ല, 63 കിലോ വരുന്ന ഒരു വന്‍ കേക്കാണ് മുറിക്കാനായി ഒരുക്കിയിരുന്നത്. എന്നാല്‍, മുറിക്കുന്നതിന് മുമ്പ് തന്നെ പ്രവര്‍ത്തകര്‍ ഓടിക്കൂടി പറ്റാവുന്ന അത്രയും കേക്ക് കെെയ്ക്കുള്ളിലാക്കി ഓടി. കേക്ക് കിട്ടാനായി കടിപിടി കൂടുന്ന പ്രവര്‍ത്തകരെ അടക്കി നിര്‍ത്താന്‍ നേതാക്കള്‍ കഷ്ടപ്പെടുന്നുണ്ടെങ്കിലും അതെല്ലാം വിഫലമായി.
ക്ഷണിച്ചത് അനുസരിച്ച് ആഘോഷത്തിനെത്തിയ അതിഥികള്‍ക്ക് കേക്ക് കിട്ടിയോയെന്ന് മാത്രമാണ് ബാക്കിയായ സംശയം. അമോറയില്‍ മാത്രമല്ല, പിറന്നാള്‍ ആഘോഷം നടത്തിയ പല സ്ഥലങ്ങളിലും ഇത് തന്നെയാണ് അരങ്ങേറിയത്.
യുപിയിലെ മറ്റൊരിടത്ത് ബിഎസ്പി നേതാവായ രാം ഭായ് സിംഗ് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കായി വന്‍ ആഘോഷ പരിപാടികളാണ് സംഘടിപ്പിച്ചത്. നൃത്തമടക്കം വേദിയിലെത്തിച്ച് പാര്‍ട്ടി നേതാവിന്‍റെ പിറന്നാള്‍ രാം ഭായ് സിംഗ് ഒരു സംഭവമാക്കി മാറ്റിക്കളഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam