2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് കേംബ്രിഡ്ജ് അനലിറ്റിക്ക സഹായിച്ചെന്ന് റിപ്പോർട്ട്

By Web DeskFirst Published Apr 17, 2018, 9:37 AM IST
Highlights
  • പദ്ധതി രൂപരേഖ നൽകിയതല്ലാതെ, ഒരു കരാറിലും ഏർപ്പെട്ടിട്ടില്ലെന്ന് കോൺഗ്രസ്

ദില്ലി: 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് കേംബ്രിഡ്ജ് അനലിറ്റിക്ക സഹായവാഗ്ദാനം നൽകിയെന്ന് റിപ്പോർട്ട്. കമ്പനി മേധാവി, രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയെന്നാണ് വെളിപ്പെടുത്തൽ. എന്നാൽ പദ്ധതി രൂപരേഖ നൽകിയതല്ലാതെ, ഒരു കരാറിലും ഏർപ്പെട്ടിട്ടില്ലെന്നാണ് കോൺഗ്രസിന്റെ വിശദീകരണം.

ഉപയോക്താക്കളുടെ ഫേസ്ബുക്ക് വിവരങ്ങൾ ചോർത്തിയതിന്റെ പേരിൽ ആരോപണം നേരിടുന്ന ബ്രിട്ടീഷ് കമ്പനിയാണ് കേംബ്രിഡ്ജ് അനലിറ്റിക്ക. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് വേണ്ടി വിവരം ശേഖരിക്കാൻ കമ്പനി വിശദമായ പദ്ധതി രൂപരേഖ തയ്യാറാക്കി നൽകിയെന്നാണ് റിപ്പോ‍ർട്ട്. ഫേസ്ബുക്ക്, ട്വിറ്റർ വിവരങ്ങൾ ചോർത്തി, വിശകലനം ചെയ്ത് വോട്ടർമാരെ സ്വാധീനിക്കായിരുന്നു പദ്ധതി എന്ന് പ്രമുഖ ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. പദ്ധതി രൂപരേഖ അടക്കമായിരുന്നു വെളിപ്പെടുത്തൽ. വിവര ശേഖരണത്തിന് രണ്ടര കോടി രൂപ കമ്പനി ആവശ്യപ്പെട്ടു. അമ്പത് പേജുള്ള പദ്ധതി രൂപരേഖയാണ് തയ്യാറാക്കിയത്. കഴിഞ്ഞ നവംബറിൽ, രാഹുൽ ഗാന്ധി കോൺഗ്രസ് ഉപാധ്യക്ഷനായിരിക്കെ, ജയറാം രമേശ്, പി.ചിദംബരം എന്നിവരുമായാണ് കൂടിക്കാഴ്ച നടത്തിയത്.

കമ്പനി അടുത്തിടെ പുറത്താക്കിയ അലക്സാണ്ടർ നിക്സാണ് നേതാക്കളെ കണ്ടതെന്നും റിപ്പോർട്ടിലുണ്ട്. കേംബ്രിഡ്ജ് അനലിറ്റിക്കയുമായി നേതാക്കൾ കൂടിക്കാഴ്ച നടത്തിയെന്ന് കോൺഗ്രസിന്റെ ഡാറ്റാ അനാലിസിസ് വിഭാഗം തലവൻ പ്രവീൺ ചക്രവർത്തി സ്ഥിരീകരിച്ചു. എന്നാൽ ഒരു കരാറിലും ഏർപ്പെട്ടിട്ടില്ലെന്നും തെരഞ്ഞെടുപ്പിൽ സഹകരിക്കില്ലെന്നുമാണ് കോൺഗ്രസിന്റെ വിശദീകരണം.

click me!