ചില കേസുകളിൽ ധാർമികത മാത്രം നോക്കി വിധി പറയരുത്, വിധി മാറ്റാനും വഴികളുണ്ട്: ജസ്റ്റിസ് കുര്യൻ ജോസഫ്

By Prasanth ReghuvamsomFirst Published Nov 30, 2018, 5:10 PM IST
Highlights

ചില കേസുകളിൽ അന്തിമവിധി പ്രസ്താവിയ്ക്കുമ്പോൾ ധാർമികത മാത്രം കണക്കാക്കരുതെന്ന് ജസ്റ്റിസ് കുര്യൻ ജോസഫ്. വിധി ബാധിയ്ക്കുന്ന വലിയൊരു സമൂഹത്തെ കൂടി കണക്കിലെടുക്കണം. ഭരണഘടനാബഞ്ച് രൂപീകരിയ്ക്കുന്നതിന് മുൻപ് ശബരിമല കേസ് പരിഗണിച്ചിരുന്ന ബഞ്ചിൽ അംഗമായിരുന്നു അദ്ദേഹം.

ദില്ലി: ശബരിമലയിലെ സ്ത്രീപ്രവേശനവിധി പുനഃപരിശോധിയ്ക്കാൻ വഴികളുണ്ടെന്ന് പരോക്ഷമായി സൂചന നൽകി വിരമിച്ച സുപ്രീംകോടതി ന്യായാധിപൻ ജസ്റ്റിസ് കുര്യൻ ജോസഫ്. ചില കേസുകളിൽ വിധി പറയുമ്പോൾ സാമൂഹ്യധാർമികത മാത്രം നോക്കരുത്. ഭരണഘടനാധാർമികതയ്ക്ക് വില കൽപിയ്ക്കാത്തതാണ് ചില നിയമസംഹിതകളെന്ന് കോടതികൾ എപ്പോഴും കരുതരുത്. ചില സമ്പ്രദായങ്ങൾ മാറ്റുമ്പോൾ അത് സമൂഹത്തെ മൊത്തത്തിൽ എങ്ങനെ മാറ്റുമെന്ന് കോടതികൾ പരിഗണിക്കുന്നതാണ് ഉചിതമെന്നും ജസ്റ്റിസ് കുര്യൻ ജോസഫ് ഒരു പൊതു പരിപാടിയിൽ വ്യക്തമാക്കി. 

മതപരമായ വിഷയങ്ങളിൽ ഭരണഘടന തന്നെ ലക്ഷ്മണ രേഖ നിശ്ചയിച്ചിട്ടുണ്ടെന്ന് ജസ്റ്റിസ് കുര്യൻ ജോസഫ്. മുത്തലാഖ് വിധിയിൽ ഈ ലക്ഷ്മണ രേഖ ലംഘിച്ചില്ല. അതിനാൽ ആരും ആ വിധിയെ എതിർത്തില്ലെന്നും കുര്യൻ ജോസഫ് വ്യക്തമാക്കി. മതസ്വാതന്ത്ര്യത്തിനുള്ള ഇരുപത്തഞ്ചാം അനുച്ഛേദത്തിന് ഇന്ത്യയെ നിലനിർത്തുന്നതിൽ വലിയ പങ്കുണ്ട്. ഈ അനുച്ഛേദം ലംഘിക്കാൻ പാടില്ല. ഏതെങ്കിലും ആചാരങ്ങൾ ഭരണഘടന ലംഘിക്കുന്നതാണോ എന്ന് പരിശോധിക്കാൻ കോടതികൾക്ക് അധികാരമുണ്ട്. ഒരു വിധി അന്തിമമായാൽ അത് ലംഘിക്കുന്നത് കോടതി അലക്ഷ്യമാകുമെന്നും, അത് എപ്പോഴും ഓർക്കണമെന്നും ജസ്റ്റിസ് കുര്യൻ ജോസഫ് പറഞ്ഞു. 

ചില വിധികൾ പുനഃപരിശോധിയ്ക്കാനും തിരുത്താനും വഴികളുണ്ട്. ഏത് വിധിയും നടപ്പാക്കുന്നതിൽ പ്രശ്നമുണ്ടെങ്കിൽ ബന്ധപ്പെട്ടവർക്ക് അത് കോടതിയുടെ ശ്രദ്ധയിൽപ്പെടുത്താവുന്നതേയുള്ളൂ.  വിധികൾ മാറ്റാനും തിരുത്താനും വഴികളുണ്ടെന്നും ജസ്റ്റിസ് കുര്യൻ ജോസഫ് വ്യക്തമാക്കി. 

അതിൽ തനിയ്ക്ക് ഖേദമില്ല!

ചീഫ് ജസ്റ്റിസായിരുന്ന ദീപക് മിശ്രയ്ക്കെതിരെ തുറന്ന കലാപവുമായി പുറത്തു വന്ന് വാർത്താസമ്മേളനം നടത്തിയ അഞ്ച് ന്യായാധിപരിൽ ഒരാളായിരുന്നു ജസ്റ്റിസ് കുര്യൻ ജോസഫ്. രാജ്യത്തിന്‍റെ നിയമചരിത്രത്തിൽത്തന്നെ ആദ്യമായിരുന്നു അത്തരമൊരു കലാപം. Judicial Mutiny (ന്യായാധിപകലാപം) എന്നുവരെ വിശേഷിപ്പിയ്ക്കപ്പെട്ട ആ വാർത്താസമ്മേളനത്തിൽ ഖേദമില്ലെന്നാണ് ജസ്റ്റിസ് കുര്യൻ ജോസഫ് വ്യക്തമാക്കിയത്. 

ഇന്നലെയാണ് ജസ്റ്റിസ് കുര്യൻ ജോസഫ് സുപ്രീംകോടതി ജസ്റ്റിസായി വിരമിച്ചത്. ഇനി ദില്ലിയിൽ തങ്ങി ജനങ്ങളെ സഹായിക്കുന്ന മധ്യസ്ഥശ്രമങ്ങൾ നടത്തുമെന്നും കുര്യൻ ജോസഫ് വ്യക്തമാക്കി.

click me!