മാധ്യമ പ്രവര്‍ത്തകനെ അക്രമിച്ച കേസ്; രണ്ട് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

By Web DeskFirst Published May 4, 2018, 4:43 PM IST
Highlights
  • അക്രമത്തെ ഗൗരവത്തോടെ കാണുമെന്ന് പിണറായി

മലപ്പുറം: പ്രസ് ക്ലബില്‍ കയറി മാധ്യമ പ്രവര്‍ത്തകനെ അക്രമിച്ച കേസില്‍ രണ്ട് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ അറസ്റ്റിലായി. വാഴക്കാട് കല്ലിങ്ങത്തൊടി ഷിബു, നടുത്തലക്കണ്ടി ദിലീപ് കുമാര്‍ എന്നിവരാണ് അറസ്റ്റിലായത്. ഇതിനിടെ ആര്‍.എസ്.എസ് അക്രമം സര്‍ക്കാര്‍ ഗൗരവത്തോടെയാണ് കാണുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചു.

അക്രമത്തില്‍ നേരിട്ട് പങ്കെടുത്ത എട്ടുപേരില്‍ രണ്ട് പേരാണ് പോലീസ് പിടിലായത്. സംഭവത്തിന് ശേഷം ഒളിവില്‍ പോയ പ്രതികളെ പുലര്‍ച്ചയോടെ ബന്ധുവീടുകളില്‍ നിന്നാണ് പിടികൂടിയതെന്ന് പോലീസ് പറഞ്ഞു. പ്രതികള്‍ക്കെതിരെ അന്യായമായി സംഘം ചേരല്‍, ബോധപൂര്‍വമുള്ള അക്രമം, പിടിച്ചുപറി എന്നിങ്ങനെ വിവിധ വകുപ്പുകളിലാണ് കേസെടുത്തിട്ടുള്ളത്.

എട്ട് പേര്‍ പ്രതികളായ കേസില്‍ ആറ് പ്രതികള്‍ കൂടി ഇനിയും അറസ്റ്റിലാവാനുണ്ട്. ഇവരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഒളിവിലുള്ളവരെ ഉടന്‍ പിടികൂടുമെന്നും പോലീസ് അറിയിച്ചു. മലപ്പുറം എസ്.പി. ദേബേഷ് കുമാര്‍ ബഹ്‌റയുടെ നേതൃത്വത്തിലുള്ള പ്രത്യേക പോലീസ് സംഘമാണ് കേസ് അന്വേഷിക്കുന്നത്. ഇതിനിടെ അക്രമത്തെ അപലപിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ മാധ്യമ സ്വാതന്ത്യത്തിന് നേരെയുള്ള കടന്നാക്രമണങ്ങള്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് അറിയിച്ചു.

click me!