ഉഴവൂര്‍ വിജയന്റെ മരണം; എൻസിപി നേതാവിനെതിരെ കേസെടുക്കും

By Web DeskFirst Published Oct 8, 2017, 12:49 PM IST
Highlights

തിരുവനന്തപുരം: എന്‍സിപി നേതാവായിരുന്ന ഉഴവൂര്‍ വിജയന്റെ മരണത്തിൽ എൻസിപി നേതാവ് സുൾഫിക്കര്‍ മയൂരിക്കെതിരെ കേസെടുക്കും. ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയെന്നും മാനസികമായി തളര്‍ത്തിയെന്നുമുള്ള ആരോപണം അന്വേഷിച്ച് തുടര്‍ നടപടിയെടുക്കാനാണ് ക്രൈംബ്രാഞ്ച് ശുപാര്‍ശ. മന്ത്രി തോമസ് ചാണ്ടിയുടെ അടുത്ത അനുയായി കൂടിയാണ് സുൾഫിക്കര്‍ മയൂരി.

ആരോപണ വിധേയനായി ഏകെ ശശീന്ദ്രൻ മന്ത്രിസ്ഥാനം ഒഴിയുകയും തോമസ് ചാണ്ടി മന്ത്രിസഭയിലെത്തുകയും ചെയ്തതിന് പിന്നാലെയാണ് എൻസിപിക്കകത്ത് പ്രശ്നങ്ങൾ രൂക്ഷമായത്. പാര്‍ട്ടിയുടെ സംസ്ഥാന പ്രസിഡന്റായിരുന്ന ഉഴവൂ‍ർ വിജയൻ,  തോമസ് ചാണ്ടിയുടെ എതിര്‍പക്ഷത്താണെന്നും ആക്ഷേപമുയര്‍ന്നു. ഇതിനിടെയാണ് അഗ്രോ ഇന്റസ്ട്രീസ്  കോർപറേഷൻ ചെയര്‍മാൻ കൂടിയായ സുൾഫിക്കർ മയൂരി ഉഴവൂര്‍ വിജയനെ ഫോണിൽ വിളിച്ച് അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തത്.

ഫോണ്‍ വിളിയെ തുടര്‍ന്ന് മാനസികവും ശാരീരികവുമായി തളര്‍ന്ന ഉഴവൂര്‍ വിജയൻ ആശുപത്രിയിലായെന്നും വൈകാതെ മരണം സംഭവിച്ചെന്നുമാണ് ആക്ഷേപം. ഉഴവൂര്‍ വിജയന്റെ കുടുംബാംഗങ്ങളും ഒരു വിഭാഗം എൻസിപി നേതാക്കളും മുഖ്യമന്ത്രിക്കും ഡി‍ജിപിക്കും ഇതുസംബന്ധിച്ചു നൽകിയ പരാതിയിലാണ് തുടര്‍ നടപടി.

കേസെടുക്കണമെന്നാവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് ശുപാര്‍ശ ഡിജിപിക്ക് കൈമാറിയിട്ടുണ്ട്. വധഭീഷണി, ഐടി നിയമലംഘനം തുടങ്ങിയ വകുപ്പുകളിലാണ് കേസെടുക്കുന്നത്.

click me!