നാല് പതിറ്റാണ്ടിനുശേഷം സ്വന്തം മണ്ണില്‍ നിന്ന് കോണ്‍ഗ്രസിന് സ്ഥാനാര്‍ഥിയെ ലഭിച്ചതിലുള്ള ആഹ്ലാദത്തിലും ആവേശത്തിലുമാണ് പുതുക്കാട് നിയോജകമണ്ഡലത്തിലെ യുഡിഎഫ് പ്രവര്‍ത്തകര്‍

തൃശൂര്‍: നാല് പതിറ്റാണ്ടിനുശേഷം സ്വന്തം മണ്ണില്‍ നിന്ന് കോണ്‍ഗ്രസിന് സ്ഥാനാര്‍ഥിയെ ലഭിച്ചതിലുള്ള ആഹ്ലാദത്തിലും ആവേശത്തിലുമാണ് പുതുക്കാട് നിയോജകമണ്ഡലത്തിലെ യുഡിഎഫ് പ്രവര്‍ത്തകര്‍. പുതുക്കാട് പഞ്ചായത്ത് മുന്‍ പ്രസിഡന്‍റും ചെങ്ങാലൂര്‍ സ്വദേശിയും കോണ്‍ഗ്രസ് നേതാവുമായ കെ എം ബാബുരാജാണ് യുഡിഎഫിന് വേണ്ടി പോരിനിറങ്ങുന്നത്. കെഎസ്‌യു പ്രവര്‍ത്തനത്തിലൂടെ രാഷ്ട്രീയ ജീവിതം ആരംഭിച്ച ബാബുരാജ് പാര്‍ട്ടിയുടെ വിവിധ ചുമതലകള്‍ വഹിച്ചിട്ടുണ്ട്. നിലവില്‍ ഡിസിസി ജനറല്‍ സെക്രട്ടറിയാണ് 65 കാരനായ കെ എം ബാബുരാജ്. 1982ന് ശേഷം ആദ്യമായിട്ടാണ് പുതുക്കാട് മണ്ഡലത്തില്‍ നിന്ന് കോണ്‍ഗ്രസിന് ഒരു സ്ഥാനാര്‍ഥിയുണ്ടാകുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കൊടകര മണ്ഡലമായിരുന്ന സമയത്ത് സി ജെ ജനാര്‍ദനനായിരുന്നു പുതുക്കാട് നിന്നുള്ള സ്ഥാനാര്‍ത്ഥി. പിന്നീട് ആറ് തവണ കെ പി വിശ്വനാഥന്‍ മണ്ഡലത്തിനെ പ്രതിനിധീകരിച്ചു. കഴിഞ്ഞ രണ്ടുതവണ മണ്ഡലത്തിന് പുറത്തുനിന്നുള്ള സുന്ദരന്‍ കുന്നത്തുള്ളിയും, സുനില്‍ അന്തിക്കാടുമായിരുന്നു മത്സരിച്ചത്. കെട്ടിയിറക്കുന്ന സ്ഥാനാര്‍ഥിയെ മണ്ഡലത്തിന് ആവശ്യമില്ലെന്ന വികാരം പ്രവര്‍ത്തകര്‍ക്കിടയില്‍ നിലനിന്നിരുന്നു. കോണ്‍ഗ്രസിന് ഏറെ വേരോട്ടമുള്ള മണ്ഡലത്തില്‍ ശക്തനായ സ്ഥാനാര്‍ഥിയുണ്ടെങ്കില്‍ മണ്ഡലം തിരിച്ചുപിടിക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് യുഡിഎഫ് ക്യാമ്പ്. എന്നാല്‍ കഴിഞ്ഞ 20 വര്‍ഷമായി എല്‍ഡിഎഫ് ആണ് മണ്ഡലത്തില്‍ വിജയിച്ചു കയറുന്നത്.

ഇത്തവണയും സിറ്റിങ് എംഎല്‍എയായ കെ കെ രാമചന്ദ്രനാണ് എല്‍ഡിഎഫിനെ പ്രതിനിധീകരിക്കുന്നത്. സ്ഥാനാര്‍ഥി പ്രഖ്യാപനത്തിനുശേഷം അളഗപ്പനഗര്‍ പാര്‍ട്ടി ഓഫീസില്‍ കെ എം ബാബുരാജിന് സ്വീകരണം നല്‍കി. ഡിസിസി ജനറല്‍ സെക്രട്ടറി കെ. ഗോപാലകൃഷ്ണന്‍, യുഡിഎഫ് ഭാരവാഹികളായ കെ എല്‍ ജോസ്, സോമന്‍ മുത്രത്തിക്കര, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റുമാരായ സുധന്‍ കാരയില്‍, അലക്‌സ് ചുക്കിരി, പഞ്ചായത്ത് പ്രസിഡന്‍റ് ഭാഗ്യവതി ചന്ദ്രന്‍, മുന്‍ പഞ്ചായത്ത് പ്രസിഡന്‍റ് കെ രാജേശ്വരി, മണ്ഡലം പ്രസിഡന്‍റ് രാജു തളിയപറമ്പില്‍, ബ്ലോക്ക് പഞ്ചായത്തംഗം ഷാജു കാളിയേങ്കര എന്നിവര്‍ പങ്കെടുത്തു.

YouTube video player