
തിരുവനന്തപുരം: ഭാര്യ ഭർത്താവിനെ കൊലപ്പെടുത്തുക, അതും ക്രൂരമായ ആസിഡ് ആക്രമണത്തിലൂടെ. പല തരത്തിലുള്ള കുറ്റകൃത്യങ്ങൾ കേട്ടിട്ടുണ്ടെങ്കിലും മലപ്പുറത്തെ വ്യാപാരിയുടെ കൊലപാതകം കേരളത്തിൽ മുൻപ് കേട്ടിട്ടില്ലാത്ത ഒന്നാണ്. ആസിഡ് ഉപയോഗിച്ചുള്ള ആക്രമണം എന്നതിനേക്കാൾ അതിലേക്ക് നയിച്ച സാഹചര്യമാണ് കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത്. പരസ്ത്രീബന്ധമാണ് പൊത്തഞ്ചേരി സ്വദേശിയും വ്യവസായിയുമായ ബഷീറിന് നേരെ ആസിഡ് ആക്രമണം നടത്താൻ ഭാര്യ സുബൈദയെ പ്രേരിപ്പിച്ചത്.
അജ്ഞാതൻ നടത്തിയ ആസിഡ് ആക്രമണം എന്നായിരുന്നു ആദ്യം പുറത്തുവന്ന വാർത്ത. ഭാര്യയും ഭർത്താവും ഉറങ്ങുന്നതിനിടെ ആരോ ആസിഡ് ഒഴിച്ച് കടന്നുകളഞ്ഞുവെന്നായിരുന്നു ഭാര്യ സുബൈദ പൊലീസിന് നൽകിയ മൊഴി. എന്നാൽ ഈ മൊഴി അത്ര വിശ്വസനീയമായി പൊലീസിന് തോന്നിയിരുന്നില്ല. പല പൊരുത്തക്കേടുകളും ഇതിൽ ഉണ്ടായിരുന്നു. തുടർന്നാണ് ഭാര്യയെ ചോദ്യം ചെയ്തത്. എന്നാൽ ചോദ്യം ചെയ്യലിന്റെ ആദ്യഘട്ടത്തിൽ സുബൈദ മൊഴിയിൽ ഉറച്ചുനിന്നു. പിന്നീട് വിശദമായ ചോദ്യം ചെയ്യലിലാണ് ഇവർ സത്യം പറഞ്ഞത്.
ഭർത്താവിന് പല സ്ത്രീകളുമായുണ്ടായിരുന്ന ബന്ധത്തിൽ ഡ്രൈവിംഗ് സ്കൂൾ അധ്യാപിക കൂടിയായ സുബൈദ അസ്വസ്ഥതയായിരുന്നു. ഇവർക്ക് മൂന്ന് മക്കളുമുണ്ട്. പല തവണ വിലക്കിയിട്ടും ഭർത്താവ് ബന്ധങ്ങളിൽ നിന്ന് പിൻവാങ്ങാത്തതിനെ തുടർന്നാണ് ഭാര്യ കുറ്റകൃത്യം ആസൂത്രണം ചെയ്തത്. ദീർഘനാളത്തെ ആസൂത്രണത്തിന് ശേഷമാണ് ആസിഡ് ഒഴിച്ചതെന്നാണ് വിവരം. എന്നാൽ ഭർത്താവിനെ കൊലപ്പെടുത്താൻ ഉദ്ദേശമില്ലായിരുന്നുവെന്നാണ് ആബിദ പറയുന്നത്. മുഖം വികൃതമാകുന്നതോടെ ഭർത്താവ് മറ്റ് സ്ത്രീകളിൽ നിന്ന് തിരികെ വരുമെന്നാണ് ഇവർ കരുതിയത്. പക്ഷെ 45 ശതമാനം പൊള്ളലേറ്റ ബഷീർ ആശുപത്രിയിൽ വച്ച് മരണത്തിന് കീഴടങ്ങുകയായിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam