അലോക് വർമ്മയ്ക്കെതിരെ നടപടി കടുപ്പിക്കുന്നു; സിബിഐ അന്വേഷണത്തിന് ശുപാർശ

By Web TeamFirst Published Jan 13, 2019, 9:52 AM IST
Highlights

അതേസമയം രാകേഷ് അസ്താനയെ സംരക്ഷിക്കാൻ സിവിസി കെ വി ചൗധരി തന്നെ നേരിൽ കണ്ട് ആവശ്യപ്പെട്ടെന്ന് അലോക് വർമ്മ ആരോപിച്ചു. നേരത്തെ സിബിഐ മുൻ ഡയറക്ടർ അലോക് വർമ്മ കൈക്കൂലി വാങ്ങിയതിന് തെളിവില്ലെന്ന് സിവിസി അന്വേഷണത്തിന് മേൽനോട്ടം വഹിച്ച ജസ്റ്റിസ് എകെ പട്നായിക് വ്യക്തമാക്കിയിരുന്നു. 

ദില്ലി:  മുൻ ഡയറക്ടർ അലോക് വർമ്മയ്ക്കെതിരെ സിബിഐ അന്വേഷണം തുടങ്ങാൻ കേന്ദ്ര വിജിലൻസ് കമ്മീഷൻ ശുപാർശ. കൈക്കൂലി കേസിൽ ചില ടെലിഫോൺ രേഖകൾ ചൂണ്ടിക്കാട്ടിയാണ് നടപടി. പ്രധാനമന്ത്രി ഉൾപ്പെട്ട ഉന്നതസമിതിയിൽ നടന്നത് ഒത്തുകളിയെന്ന ആരോപണവുമായി കോൺഗ്രസ് രംഗത്തെത്തി.

സിബിഐ ഡയറക്ടറായിരുന്ന അലോക് വർമ്മയ്ക്കെതിരെ കൈക്കൂലി വാങ്ങിയതിന് തെളിവില്ലെന്ന് സിവിസി അന്വേഷണത്തിന് മേൽനോട്ടം വഹിച്ച ജസ്റ്റിസ് എകെ പട്നായിക്ക് ഇന്നലെ വെളിപ്പെടുത്തിയിരുന്നു. എന്നാൽ റോ ചോർത്തിയ ടെലിഫോൺ സംഭാഷണം തെളിവാണെന്ന് സിവിസി വാദിക്കുന്നു. മൊയിൻ ഖുറേഷി കേസിൽ ഉൾപ്പെട്ട സതീഷ് സന ദുബായിലെ ചിലരുമായി നടത്തിയ സംഭാഷണത്തിൽ സിബിഐ തലവനെ സ്വാധീനിച്ചു എന്ന് പറയുന്നുണ്ട്. 

ഇതിൻറെ അടിസ്ഥാനത്തിൽ തുടരന്വേഷണം ആവാം എന്ന ശുപാർശയാണ് സിവിസി നല്കുന്നത്. എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണത്തിന് സിബിഐ തീരുമാനിച്ചേക്കും. തന്നെ മാറ്റിയ രീതിക്കെതിരെ സുപ്രീം കോടതിയെ വീണ്ടും സമീപിക്കാൻ കഴിയുമോ എന്ന് അലോക് വർമ്മ നിയമവിദഗ്ധരുമായി ആലോചിക്കുന്നുണ്ട്. വർമ്മയെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട കോൺഗ്രസ് സമിതി മുൻകൂട്ടി നിശ്ചയിച്ച തീരുമാനം നടപ്പാക്കിയെന്നും ആരോപിച്ചു

കേന്ദ്ര വിജിലൻസ് കമ്മീഷൻ സ്പെഷ്യൽ ഡയറക്ടർ രാകേഷ് അസ്താനയെ സംരക്ഷിക്കാൻ ശ്രമിച്ചു എന്ന് അലോക്വർമ്മ ജസ്റ്റിസ് എകെ പട്നായികിനോട് പറഞ്ഞതിൻറെ രേഖകളും പുറത്തു വന്നു. തൻറെ വീട്ടിലെത്തി സിവിസി കെ ചൗധരി അസ്താനയ്ക്കെതിരായ നടപടികൾ അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ടു എന്നാണ് അലോക് വർമ്മ വെളിപ്പെടുത്തിയത്. സിബിഐയുടെ പുതിയ ഡയറക്ടറെ നിയമിക്കാനുള്ള യോഗം ഈ ആഴ്ച ചേരുമെന്നാണ് സൂചന.
 

click me!