ബിജെപി മന്ത്രിക്ക് പണി കൊടുത്തത് സ്വന്തം പാര്‍ട്ടിക്കാരനും; വിവാദമായ നീലചിത്രത്തിന് പിന്നില്‍

By Web TeamFirst Published Sep 25, 2018, 8:33 PM IST
Highlights

മന്ത്രിയുടെ മുഖം മോര്‍ഫ് ചെയ്ത ശേഷം നീലചിത്രത്തില്‍ ഉപയോഗിച്ചതാണെന്ന് ശാസ്ത്രീയ പരിശോധനയില്‍ വ്യക്തമായതായി കുറ്റപത്രത്തില്‍ പറയുന്നു

ദില്ലി: ചത്തീസ്ഗഡ് പൊതുമരാമത്ത് മന്ത്രിയും ബിജെപി നേതാവുമായ രാജേഷ് മുനട്ടിന്‍റെ മുഖം ചേര്‍ത്ത് നീലചിത്രമുണ്ടാക്കിയ കേസില്‍ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. ബിജെപി നേതാവായ കെെലേഷ് മുരാരകയാണ് രാജേഷിനെതിരെയുള്ള ഗൂഢാലോചന നടത്തിയതെന്നാണ് സിബിഐയുടെ കണ്ടെത്തല്‍.

മന്ത്രിയുടെ മുഖം മോര്‍ഫ് ചെയ്ത ശേഷം നീലചിത്രത്തില്‍ ഉപയോഗിച്ചതാണെന്ന് ശാസ്ത്രീയ പരിശോധനയില്‍ വ്യക്തമായതായി കുറ്റപത്രത്തില്‍ പറയുന്നു. കഴിഞ്ഞ വര്‍ഷമാണ് കേസിന് ആസ്പദമായ സംഭവങ്ങള്‍ അരങ്ങേറിയത്. ഇപ്പോള്‍ ഒളിവിലായ കെെലേഷ് മന്ത്രിയുടെ മുഖം ചേര്‍ത്ത് നീലചിത്രമുണ്ടാക്കാനായി വിനയ് പാണ്ഡ്യ, റിങ്കു ഖനൂജ എന്നിവര്‍ക്ക് 75 ലക്ഷം രൂപയാണ് നല്‍കിയത്.

മോര്‍ഫിംഗ് മുംബെെയിലാണ് നടത്തിയത്. സിബിഐ കുറ്റപത്രത്തില്‍ ഉള്‍പ്പെട്ടതോടെ കെെലേഷിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. വിനയ്‍യും റിങ്കുവും മുംബെെയില്‍ ഉള്ള ഒരാള്‍ക്ക് ഒരു ലക്ഷം രൂപ നല്‍കി കൃത്യത്തിനായി നല്‍കി. തുടര്‍ന്ന് ഈ വീഡിയോ മാധ്യമ പ്രവര്‍ത്തകനായ വിനോദ് വര്‍മയ്ക്ക് ഗാസിയാബാദിലെത്തിച്ച് നല്‍കി.

ദില്ലിയിലെത്തി കോണ്‍ഗ്രസ് അധ്യക്ഷന്‍ ഭൂപേഷ് ബാഗലിനെ കെെലേഷും വിനോദും കണ്ടതായും സിബിഐ ആരോപിക്കുന്നു. കെെലേഷിനൊപ്പം വിനയ്‍യും ഇപ്പോള്‍ ഒളിവിലാണ്. വിവാദങ്ങള്‍ക്കിടെ റിങ്കു ആത്മഹത്യ ചെയ്തിരുന്നു. കേസുമായി ബന്ധപ്പെട്ട് ഭൂപേഷിനെ പ്രത്യേക തോടതി തിങ്കളാഴ്ച റിമാന്‍ഡ് ചെയ്തിരുന്നു.

തനിക്കായി അഭിഭാഷകനെ ഏര്‍പ്പെടുത്താന്‍ തയാറാകാതിരുന്ന ഭൂപേഷ് ജാമ്യവും നിരാകരിച്ചിരുന്നു.  തന്നെ കേസില്‍പ്പെടുത്തിയത് ഗൂഢാലോചനയാണെന്നാണ് അദ്ദേഹത്തിന്‍റെ വാദം. ബിജെപി സര്‍ക്കാരിനെതിരെ ജയിലില്‍ സത്യഗ്രഹം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

കെെലേഷ്, ഭൂപേഷ്, വിനയ് പാണ്ഡ്യ, വിനോദ് വര്‍മ, വിജയ് ഭാട്യ, റിങ്കു എന്നിവരാണ് ഇപ്പോള്‍ കേസില്‍ പ്രതികളായി കുറ്റപത്രത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ചത്തീസ്ഗഡില്‍ എത്തിയപ്പോള്‍ പ്രധാനമന്ത്രിയെ താന്‍ കരിങ്കൊടി കാണിച്ചു. ഇതേ തുടര്‍ന്നാണ് സിബിഐയില്‍ സമ്മര്‍ദം ചെലുത്തി ബിജെപി സര്‍ക്കാര്‍ കുറ്റപത്രം സമര്‍പ്പിച്ചതെന്നും ഭൂപേഷ് ആരോപിക്കുന്നു. 

click me!