അഗസ്റ്റ വെസ്റ്റ്‍ലാന്‍ഡ് ഇടപാട്: കോഴയ്ക്ക് കൂടുതൽ തെളിവ്, സിബിഐ റിപ്പോർട്ട് ഏഷ്യാനെറ്റ് ന്യൂസിന്

By Salam P HydroseFirst Published Dec 20, 2018, 12:38 PM IST
Highlights

സി ബി ഐ റിപ്പോര്‍ട്ട് ഏഷ്യാനെറ്റ് ന്യൂസിന്. ഇന്ത്യക്കാര്‍ക്ക് കോഴപ്പണം കൈമാറിയതിന് കൂടുതൽ തെളിവുകൾ ലഭിച്ചുവെന്ന് സിബിഐ. ക്രിസ്ത്യന്‍ മിഷേല്‍ അയച്ച സന്ദേശങ്ങള്‍ ഉൾപ്പെടെ പിടിച്ചെടുത്തു. 

ദില്ലി: അഗസ്റ്റ വെസ്റ്റ്‍ലാന്‍ഡ് കേസിലെ ഇടനിലക്കാരന്‍ ക്രിസ്ത്യന്‍ മിഷേല്‍ ഇന്ത്യക്കാര്‍ക്ക് കോഴപ്പണം കൈമാറിയതിന് കൂടുതല്‍ തെളിവുകള്‍ ലഭിച്ചെന്ന് സി ബി ഐ. ഇത് സംബന്ധിച്ച് മിഷേല്‍ അയച്ച എസ് എം എസ് സന്ദേശങ്ങള്‍ ഉൾപ്പടെ ഡിജിറ്റല്‍ രേഖകളും പിടിച്ചെടുത്തിട്ടുണ്ട്. ഇന്ത്യയിലെ ഒരു കുടുംബത്തിന് വാഗ്ദാനം ചെയ്ത മുഴുവന് പണവും നല്‍കാന്‍ തന്‍റെ കമീഷനില്‍ മിഷേല്‍ 80 കോടി രൂപയുടെ കുറവ് വരുത്തിയെന്നും സി ബി ഐ, കോടതിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. സി ബി ഐ റിപ്പോര്‍ട്ടിന്‍റെ പകര്‍പ്പ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു

2011 മെയ് എട്ടിന് ദുബായിൽ വെച്ചാണ് ഇടനിലക്കാരായ ക്രിസ്ത്യന്‍ മിഷേലും ഗൈദോ ഹെഷ്കെയും തമ്മില്‍ ഇന്ത്യാക്കാര്‍ക്ക് കോഴപ്പണം വീതിക്കുന്നത് സംബന്ധിച്ച കരട് കരാര്‍ ഉണ്ടാക്കിയതെന്ന് സി ബി ഐ കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. 2012 ഏപ്രിലില്‍ 23 ന് ഹെഷ്കെയുടെ അമ്മയുടെ വീട്ടില്‍ സ്വിസ്റ്റര്‍ലന്‍റ് പൊലീസ് നടത്തിയ പരിശോധനയിൽ ഈ കരാര്‍ കണ്ടെടുത്തിരുന്നു. കരാര്‍ ഒപ്പിടാന്‍ പോകുന്ന കാര്യം അറിയിച്ച് ക്രിസ്ത്യൻ മിഷേല്‍ ഒരാഴ്ച മുമ്പ് കമ്പനി സിഇഒ ഗിസപ്പെ ഓഴ്സിക്ക് മൊബൈല്‍ സന്ദേശങ്ങളും അയച്ചു. ഈ സന്ദേശങ്ങള്‍ വിദേശ ഏജന്‍സികളുടെ സഹായത്തോടെ കണ്ടെടുത്തതായി സിബിഐറിപ്പോര്‍ട്ടിലുണ്ട്. കരട് കരാറിലുള്ള കൈപ്പട തന്‍റേതാണെന്ന് ഇറ്റാലിയന്‍ കോടതിയില്‍ നല്‍കിയ മൊഴിയില്‍ ഹെഷ്കി സമ്മതിച്ചിട്ടുണ്ട്.

കഴിഞ്ഞ രണ്ടാഴ്ചയായി നടത്തിയ ചോദ്യം ചെയ്യലില്‍ മിഷേല്‍ ഇതെല്ലാം നിഷേധിക്കുകയാണെങ്കിലും ഇദ്ദേഹത്തിന്‍റെ പങ്കാളിത്തം സംബന്ധിച്ച് ഡിജിറ്റല്‍ തെളിവുകള്‍ ഉള്‍പ്പെടെ ലഭിച്ചിട്ടുണ്ട് എന്ന് സി ബി ഐ അവകാശപ്പെടുന്നു. കരട് കരാര്‍ ഒപ്പിട്ട മെയ് എട്ടിന് മിഷേല്‍ ദുബായിൽ ഉണ്ടായിരുന്നു എന്നതും തെളിയിക്കപ്പെട്ട വസ്തുതയാണ്. അഗസ്റ്റ സിഇഒ ഗിസപ്പി ഓഴ്സിയും ഇക്കാര്യം സ്ഥീരികരിച്ചതായി ഈ റിപ്പോര്‍ട്ടിലുണ്ട്.

ഇന്ത്യയിലെ ഒരു കുടുംബത്തിന് വാഗ്ദാനം ചെയ്ത മുഴുവന്‍ പണവും നല്‍കുന്നതിന് ഇടനിലക്കാരുടെ കമ്മീഷന്‍ 336 കോടി രൂപയില്‍ നിന്ന് 256 കോടി രൂപയായി കുറയ്ക്കാന്‍ മിഷേല്‍ സമ്മതിച്ചായും സി ബി ഐ റിപ്പോര്‍ട്ടിലുണ്ട്. സോണിയാ ഗാന്ധിയുടെ കുടുംബം ആണിതെന്നാണ് സി ബി ഐയുടെ ആരോപണം. ഇതിനിടെ മിഷേലിന്‍റെ ജാമ്യാപേക്ഷയില്‍ ശനിയാഴ്ച കോടതി വിധി പറയും. മലയാളി അഭിഭാഷകരായ ആല്‍ജോ ജോസഫ്, വിഷ്ണു ശങ്കര്‍, ശ്രീറാം എന്നിവരാണ് ഇന്ത്യയില്‍ മിഷേലിന്‍റെ അഭിഭാഷകര്‍.

click me!