
ദില്ലി: സിബിഐ ഡയറക്ടര്‍ അലോക് കുമാര്‍ വര്‍മ്മയെ ചുമതലയില്‍ നിന്ന് മാറ്റിയതില്‍ പ്രതിഷേധം ശക്തമാകുന്നതിനിടെ വിശദീകരണവുമായി സിബിഐ അധികൃതര്‍ രംഗത്ത്. അലോക് വർമ്മയെയും രാകേഷ് അസ്താനയെയും സ്ഥാനങ്ങളിൽ നിന്ന് മാറ്റിയിട്ടില്ല. ചുമതലകളിൽ നിന്ന് നീക്കി നിറുത്തുക മാത്രമാണ് ഉണ്ടായത്. ഇരുവർക്കുമെതിരെയുള്ള അന്വേഷണം പൂർത്തിയാകുന്നതു വരെ എം നാഗേശ്വരറാവു ഇടക്കാല ഡയറക്ടായി തുടരുമെന്നും സിബിഐ വ്യക്തമാക്കി.
റഫാൽ ഇടപാടിൽ സിബിഐ നിഷ്പക്ഷ അന്വേഷണം നടത്തിയാൽ സത്യങ്ങൾ പുറത്തുവരുമെന്ന് ഭയപ്പെട്ടാണ് പ്രധാനമന്ത്രി നരേന്ദ്രമോദി സിബിഐ മേധാവി അലോക് വർമയെ സ്ഥാനത്തുനിന്ന് നീക്കിയതെന്ന കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ ആരോപണത്തിന് പിന്നാലെയായിരുന്നു വിശദീകരണം.
റഫാൽ ഇടപാടിൽ പ്രധാനമന്ത്രി അഴിമതി നടത്തി എന്നതാണ് വസ്തുത എന്ന് കോൺഗ്രസ് അധ്യക്ഷൻ കുറ്റപ്പെടുത്തി. മുപ്പതിനായിരം കോടി രൂപ അനിൽ അംബാനിയുടെ പോക്കറ്റിലേക്ക് ഇട്ടുകൊടുക്കുകയാണ് മോദി ചെയ്തത്. സിബിഐ അന്വേഷണം അനുവദിക്കുന്നതും പ്രധാനമന്ത്രി ആത്മഹത്യ ചെയ്യുന്നതും തുല്യമാണ് പിടിക്കപ്പെടുമെന്ന നില വന്നപ്പോൾ സിബിഐയുടെ മേധാവിയെ മോദി മാറ്റുകയായിരുന്നുവെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.
അതിനിടെ സിബിഐ മുൻ ഡയറക്ടർ അലോക് കുമാർ വർമ്മയുടെ വീടിന് മുന്നിൽ നിന്ന് നാല് ഐബി ഉദ്യോഗസ്ഥരെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി. സിബിഐ ഡയറക്ടർ അലോക് വർമ്മയേയും ഉപമേധാവി രാകേഷ് അസ്താനയേയും ചുമതലകളിൽ നിന്ന് മാറ്റിയതിനെതിരായി നല്കിയ ഹർജി സുപ്രീംകോടതി വെള്ളിയാഴ്ച പരിഗണിക്കാനിരിക്കെയാണ് നാല് ഐബി ഉദ്യോഗസ്ഥരെ അലോക് വർമ്മയുടെ വീടിന് മുന്നില്‍ നിന്ന് പിടികൂടുന്നത്.
അസ്താനക്കെതിരെയുള്ള കേസിനൊപ്പം റഫാൽ ഇടപാടിൽ സിബിഐ ഡയറക്ടറുടെ നീക്കങ്ങളും സർക്കാരിനെ ചൊടിപ്പിച്ചിരുന്നു. യശ്വന്ത് സിൻഹയും അരുൺ ഷൂരിയും നല്കിയ പരാതിയുടെ അടിസ്ഥാനത്തിൽ റഫാൽ ഇടപാടിൽ സിബിഐ ഡയറക്ടർ പ്രതിരോധ മന്ത്രാലയത്തോട് ചില ഫയലുകൾ ആവശ്യപ്പെട്ടിരുന്നു. അലോക് വർമ്മ പ്രാഥമിക അന്വേഷണത്തിന് തയ്യാറെടുക്കുമ്പോഴാണ് പ്രധാനമന്ത്രിയുടെ അർദ്ധരാത്രിയില്‍ സിബിഐ ഡയറക്ടർ ചുമതലയില്‍ നിന്ന് മാറ്റിയത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam