താമരശേരിയില്‍ യുവാവിനെ ബാര്‍ ജീവനക്കാര്‍ അടിച്ച് കൊന്നത്; ഞെട്ടിച്ച് സിസിടിവി ദൃശ്യങ്ങള്‍

By Web TeamFirst Published Dec 8, 2018, 11:37 PM IST
Highlights

മര്‍ദിച്ച് അവശനാക്കിയ റിബാഷിനെ ആളൊഴിഞ്ഞ ഒരു സ്ഥലത്ത് ആദ്യം കൊണ്ടിട്ടു. തുടര്‍ന്ന് ബാര്‍ അടച്ച ശേഷം ജീവനക്കാര്‍ ചേര്‍ന്ന് വഴിയരികില്‍ തള്ളുകയായിരുന്നുവെന്നും ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായി

കോഴിക്കോട്: കോഴിക്കോട് ബാറിന് സമീപം യുവാവിനെ രക്തം വാർന്ന് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിലെ സിസിടിവി ദൃശ്യങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. കട്ടിപ്പാറ സ്വദേശിയായ റിബാഷിനെ ബാര്‍ ജീവനക്കാര്‍ വലിച്ച് കൊണ്ടു പോകുന്നതും അടിച്ച് വീഴ്ത്തുന്നതും സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്.

സംഭവത്തില്‍ ബാറിലെ സുരക്ഷാ ജീവനക്കാരനായ ബിജു ഉള്‍പ്പെടെ അഞ്ച് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. താമരശ്ശേരി ചുങ്കത്ത് പ്രവർത്തിക്കുന്ന ഹസ്തിനപുരി ബാറിന്റെ സമീപത്ത് നിന്ന് ശനിയാഴ്ച രാവിലെയാണ് രക്തം വാർന്ന് കിടക്കുന്ന നിലയിൽ റിബാഷിനെ കണ്ടെത്തിയത്.

പൊലീസും നാട്ടുകാരും ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. തുടര്‍ന്ന് നടത്തിയ പരിശേധനയില്‍ ബാറിന്റെ മുൻഭാഗത്ത് റോഡിൽ രക്തക്കറകള്‍ കണ്ടെത്തിയിരുന്നു. ഇതോടെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയായിരുന്നു. ബാറിലെ ജീവനക്കാരുമായുണ്ടായ വാക്കുത്തര്‍ക്കമാണ് മര്‍ദനത്തില്‍ കലാശിച്ചത്. ബാറിലെ സുരക്ഷാ ജീവനക്കാരനായ ബിജു എന്നയാളാണ് മര്‍ദനത്തിന് നേതൃത്വം നല്‍കുന്നത്.

മര്‍ദിച്ച് അവശനാക്കിയ റിബാഷിനെ ആളൊഴിഞ്ഞ ഒരു സ്ഥലത്ത് ആദ്യം കൊണ്ടിട്ടു. തുടര്‍ന്ന് ബാര്‍ അടച്ച ശേഷം ജീവനക്കാര്‍ ചേര്‍ന്ന് വഴിയരികില്‍ തള്ളുകയായിരുന്നുവെന്നും ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായി. വാക്കുത്തര്‍ക്കത്തിനൊടുവില്‍ റിബാഷിനെ പിടിച്ച് തള്ളിയെന്നും പിന്നീട് വഴിയരികില്‍ കിടത്തിയെന്നുമാണ് ബാര്‍ ജീവനക്കാര്‍ പൊലീസിനോട് പറഞ്ഞിരുന്നത്.

എന്നാല്‍, സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചതോടെ സംഭവങ്ങളില്‍ വ്യക്തത വരികയായിരുന്നു. കസ്റ്റഡിയിലുള്ള അഞ്ച് പേരില്‍ സുരക്ഷാ ജീവനക്കാരന്‍ ബിജുവിന്‍റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. മറ്റുള്ളവരുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തുമെന്നാണ് പൊലീസ് നല്‍കുന്ന സൂചന. 

click me!