ഹെെക്കോടതിയുടെ അനുമതി വാങ്ങി ശബരിമലയിലേക്ക് പോകുമെന്ന് കെ സുരേന്ദ്രൻ

By Web TeamFirst Published Dec 8, 2018, 10:56 PM IST
Highlights

സന്നിധാനത്ത് സ്ത്രീയെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ഇന്നലെയാണ് സുരേന്ദ്രന്  ഹെെക്കോടതി ജാമ്യം അനുവദിച്ചത്. സുരേന്ദ്രന് പത്തനംതിട്ട ജില്ലയില്‍ കയറാന്‍ അനുമതിയില്ലെന്നാണ് പ്രധാന ഉപാധി

തിരുവനന്തപുരം: ഹൈക്കോടതിയുടെ അനുമതി വാങ്ങിയ ശേഷം ശബരിമലയിലേക്ക് പോകുമെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ. പെരുന്ന സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ വച്ച് പന്തളം കൊട്ടാരം ഗുരു സ്വാമിക്ക് തന്‍റെ ഇരുമുടിക്കെട്ട് കൈമാറിയിട്ടുണ്ട്.

പന്തളം ശിവക്ഷേത്രത്തിൽ ഇരുമുടിക്കെട്ട് സൂക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. പെരുന്നയിൽ ബിജെപി പ്രവർത്തകർ കെ സുരേന്ദ്രന് സ്വീകരണവും ഒരുക്കിയിരുന്നു സന്നിധാനത്ത് സ്ത്രീയെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ഇന്നലെയാണ് സുരേന്ദ്രന്  ഹെെക്കോടതി ജാമ്യം അനുവദിച്ചത്. സുരേന്ദ്രന് പത്തനംതിട്ട ജില്ലയില്‍ കയറാന്‍ അനുമതിയില്ലെന്നതാണ് പ്രധാന ഉപാധി.

കഴിഞ്ഞ ദിവസം കേസിൽ വാദം കേട്ട ഹൈക്കോടതി സുരേന്ദ്രനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. തനിക്കെതിരെ നടന്നത് വ്യക്തി വിരോധം തീർക്കാനുള്ള നടപടിയാണെന്നാണ് സുരേന്ദ്രൻ കോടതിയെ അറിയിച്ചത്. 23 ദിവസത്തെ ജയില്‍ വാസത്തിന് ശേഷം ജാമ്യം ലഭിച്ച സുരേന്ദ്രന്‍ ഇന്നാണ് പുറത്തിറങ്ങിയത്.

ശബരിമലയില്‍ യുവതീ പ്രവേശനത്തിന് വേണ്ടിയാണോ വനിതാ മതിൽ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് പുറത്തിറങ്ങിയ ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സുരേന്ദ്രൻ ചോദിച്ചു. സിപിഎം - ഡിവൈഎഫ്ഐ പ്രവർത്തകരാണ് ചിത്തിര ആട്ടവിശേഷ ദിവസം പ്രശ്നമുണ്ടാക്കിയത്. തൃശൂരിൽ നിന്നുള്ള സി പി എം പ്രവർത്തകരാണ് പ്രശ്നമുണ്ടാക്കിയെന്നതിന് തെളിവുണ്ട് എന്നും അദ്ദേഹം പറ‌ഞ്ഞു.

click me!