സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള പരിഷ്കരണം കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചു

By Web DeskFirst Published Jun 29, 2016, 6:53 AM IST
Highlights

അടിസ്ഥാന ശമ്പളത്തില്‍ 16 ശതമാനവും ക്ഷാമ ബത്തയില്‍ 63 ശതമാനത്തിന്റെ വര്‍ദ്ധനവുമടക്കം 23.55 ശതമാനമാണ് പുതിയ പരിഷ്കരണത്തിലൂടെ ലഭ്യമാകുന്നത്. 2016 ജനുവരി ഒന്നു മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് പരിഷ്കരണം നടപ്പാക്കുന്നത്. നിലവില്‍ 7000 മുതല്‍ 11,000 വരെയായിരുന്ന അടിസ്ഥാന ശമ്പളത്തിന് പകരം കുറഞ്ഞ അടിസ്ഥാന ശമ്പളം 18,000 രൂപയാക്കി ഉയര്‍ത്തി. ഏറ്റവും ഉയര്‍ന്ന ശമ്പളം വാങ്ങുന്ന ക്യാബിനറ്റ് സെക്രട്ടറിക്ക് ഇനി 2,25,000 രൂപ ശമ്പളം ലഭിക്കും.

ഐഎഎസ് ട്രെയിനിയായി ജോലിയില്‍ പ്രവേശിക്കുന്നവര്‍ക്ക് ഇപ്പോള്‍ ലഭിച്ചുകൊണ്ടിരിക്കുന്ന 23,000 രൂപയ്‌ക്ക് പകരം ഇനി 56,000 രൂപ ലഭിക്കും. സൈന്യത്തിലെ ശിപായിക്ക് 21,700 രൂപയായിരിക്കും ഇനി കുറഞ്ഞ ശമ്പളം. 8,460 ഇവര്‍ക്ക് ഇപ്പോള്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്. ഈ വര്‍ഷം മാത്രം 1.02 ലക്ഷം കോടി രൂപയുടെ അധിക ബാധ്യത സര്‍ക്കാറിന് ഈ പരിഷ്കരണത്തിലൂടെ വന്നുചേരുമെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‍ലി കഴിഞ്ഞദിവസം തന്നെ വ്യക്തമാക്കിയിരുന്നു. പത്തുവര്‍ഷത്തിലൊരിക്കലാണ് കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം പരിഷ്കരിക്കുന്നത്. പുതിഷ ശിപാര്‍ശകള്‍ അംഗീകരിച്ച കേന്ദ്ര മന്ത്രിസഭാ തീരുമാനത്തെ ജീവനക്കാരുടെ സംഘടനകള്‍ സ്വാഗതം ചെയ്തു.

click me!