Latest Videos

മണ്ണെണ്ണ വില കുറച്ച് കേന്ദ്രം; സബ്‌സിഡി ഇല്ലെങ്കിലും മണ്ണെണ്ണ എടുക്കാമെന്ന് കേരളം

By Web TeamFirst Published Aug 31, 2018, 1:36 PM IST
Highlights

ലിറ്ററിന് 70 രൂപയില്‍ നിന്ന് 42 രൂപയാക്കി കുറയ്ക്കാനാണ് കേന്ദ്രത്തിന്റെ പുതിയ തീരുമാനം. പുതുക്കിയ വില പ്രകാരം മണ്ണെണ്ണ ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു

തിരുവനന്തപുരം: സൗജന്യ മണ്ണെണ്ണയെന്ന കേരളത്തിന്റെ ആവശ്യത്തോട് മുഖം തിരിച്ച കേന്ദ്രം ഒടുവില്‍ മണ്ണെണ്ണയുടെ വില കുറയ്ക്കാന്‍ തീരുമാനിച്ചു. ലിറ്ററിന് 70 രൂപയില്‍ നിന്ന് 42 രൂപയാക്കി കുറയ്ക്കാനാണ് കേന്ദ്രത്തിന്റെ പുതിയ തീരുമാനം. 

പ്രളയത്തെ തുടര്‍ന്ന് സൗജന്യമായി മണ്ണെണ്ണ അനുവദിക്കണമെന്നായിരുന്നു സംസ്ഥാനം കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ഈ ആവശ്യം കേന്ദ്രം നേരത്തേ തള്ളി. സബ്‌സിഡിയില്ലാത്ത മണ്ണെണ്ണയ്ക്ക് ലിറ്ററിന് 70 രൂപയായിരുന്നു നിശ്ചയിച്ചിരുന്നത്. ഈ വിലയിലാണ് ഇപ്പോള്‍ മാറ്റം വരുത്തിയിരിക്കുന്നത്. പുതുക്കിയ വില പ്രകാരം മണ്ണെണ്ണ ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. 

12,000 കിലോ ലിറ്റര്‍ മണ്ണെണ്ണയാണ് കേരളത്തിന് കേന്ദ്രം നല്‍കുക. എന്നാല്‍ സബ്‌സിഡിയില്ലാതെ മണ്ണെണ്ണ നല്‍കുന്നത് പ്രളയം ബാധിച്ച സംസ്ഥാനത്തിന് അധികഭാരമാകും. നേരത്തേ അരി നല്‍കുന്ന വിഷയത്തിലും സമാനമായ നിലപാടായിരുന്നു കേന്ദ്രം കൈക്കൊണ്ടത്. അരി കിലോ 25 രൂപയ്‌ക്കേ നല്‍കൂ എന്നാണ് കേന്ദ്രം ആദ്യം അറിയിച്ചത്. പിന്നീട് ഇത് വിവാദമായതോടെ കേന്ദ്രമന്ത്രി രാംവിലാസ് പാസ്വാന്‍ ഇത് പിന്‍വലിക്കുകയായിരുന്നു.
 

click me!