പ്രളയം: കേരളത്തിന് 2500 കോടി രൂപയുടെ അധിക സഹായവുമായി കേന്ദ്രം

By Web TeamFirst Published Nov 30, 2018, 7:58 AM IST
Highlights

 പ്രളയ ദുരിതാശ്വാസത്തിന് കേരളത്തിന് കേന്ദ്രം 2500 കോടി രൂപ നല്‍കും. നേരത്തെ നല്‍കിയ 600 കോടിയുടെ സഹായത്തിന് പുറമേയാണിത്. 

ദില്ലി:  പ്രളയ ദുരിതാശ്വാസത്തിന് കേരളത്തിന് കേന്ദ്രം 2500 കോടി രൂപ നല്‍കും. നേരത്തെ നല്‍കിയ 600 കോടിയുടെ സഹായത്തിന് പുറമേയാണിത്. കേന്ദ്ര ആഭ്യന്തര സെക്രട്ടറി അധ്യക്ഷനായ സമിതിയുടേതാണ് തീരുമാനം. മന്ത്രിതല സമിതിയുടെ അംഗീകാരത്തിന് ശേഷമായിരിക്കും  ഔദ്യോഗിക പ്രഖ്യാപനം . 

കേരളത്തിന് ഇടക്കാല ആശ്വാസമായി കേന്ദ്രം അനുവദിച്ച തുക അപര്യാപ്തമെന്ന്  രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു. ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ദുരന്തം ആയിരുന്നു കേരളത്തിലുണ്ടായ പ്രളയം. ഇക്കാര്യത്തില്‍ പ്രധാനമന്ത്രി വേണ്ട രീതിയില്‍ പരിഗണന നല്‍കിയില്ല എന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വിമര്‍ശിച്ചിരുന്നു. കേരളത്തിലെ പ്രളയക്കെടുതി സംബന്ധിച്ച അന്തിമ റിപ്പോർട്ടും സര്‍ക്കാര്‍ സമര്‍പ്പിച്ചിരുന്നു.

പ്രളയക്കെടുതി രക്ഷാദൗത്യത്തിന് സൈനിക വിമാനങ്ങൾ എത്തിയതിനും പണം ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി കഴിഞ്ഞ ദിവസം നിയമസഭയെ അറിയിച്ചിരുന്നു. വിമാനം എത്തിയതിന് മാത്രമായി ആവശ്യപ്പെട്ട് 25 കോടിരൂപയാണ്. വിമാനത്തിനും റേഷനുമായി സംസ്ഥാനം 290.67 കോടി രൂപ നൽകേണ്ടതുണ്ടെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. പ്രളയകാലത്ത് സൗജന്യ അരിയും മണ്ണെണ്ണയും അനുവദിക്കാത്ത കേന്ദ്ര നടപടി വൻ വിവാദമായിരുന്നു. പിന്നാലെയാണ് രക്ഷാദൗത്യത്തിന് വിമാനം വന്നതിനും പണം ചോദിച്ചത്. ഇതിന് മാത്രം വ്യോമസേനയും കേന്ദ്ര സർക്കാറും ആവശ്യപ്പെട്ടത് 25 കോടിയാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. 

ഇതടക്കം സംസ്ഥാന പുനർനിർമ്മാണത്തിന് ഇതുവരെ ലഭ്യമായ തുക പോരെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സഭയെ അറിയിച്ചു. 26718 കോടി രൂപയുടെ നാശനഷ്ടമാണ് പ്രളയത്തിലുണ്ടായത്. 31000 കോടി രൂപ പുനർനിർമ്മാണത്തിന് വേണം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വഴി ഇതുവരെ കിട്ടയിത് 2683.18 കോടി രൂപ മാത്രമാണ്. വീടുകളുടെ നാശനഷ്ടത്തിന് 1357.78 കോടി ചെലവായി.

click me!