സൗജന്യ അരിയില്ലെന്ന ഉത്തരവ് കേന്ദ്രം തിരുത്തി; നടപടി ഉത്തരവ് വിവാദമായതോടെ

By Web TeamFirst Published Aug 21, 2018, 6:52 PM IST
Highlights


പണം തിരിച്ചുപിടിക്കരുത് എന്നാവശ്യപ്പെട്ട് വീണ്ടും സംസ്ഥാനം കേന്ദ്രത്തെ സമീപിക്കാനിരിക്കെയാണ് മന്ത്രിയുടെ വിശദീകരണം

ദില്ലി: പ്രളയക്കെടുതി നേരിടാൻ കേരളത്തിന് അനുവദിച്ച അരിക്ക് പണം ഈടാക്കില്ലെന്ന് കേന്ദ്ര ഭക്ഷ്യ മന്ത്രി രാംവിലാസ് പാസ്വാൻ. 228 കോടി രൂപ പിന്നീട് ഇടാക്കുമെന്ന കേന്ദ്ര ഭക്ഷ്യമന്ത്രാലായത്തിന്റെ ഉത്തരവ് വിവാദമായ സാഹചര്യത്തിലാണ് മന്ത്രിയുടെ വിശദീകരണം.

പ്രളയക്കെടുതി നേരിടാൻ സൗജന്യ നിരക്കിൽ 118000 മെട്രിക് ടൺ അരി നല്‍കാനായിരുന്നു സംസ്ഥാനം ആവശ്യപ്പെട്ടത്. പക്ഷെ അരി അനുവദിച്ച് ഇറക്കിയ ഉത്തരവ് സംസ്ഥാനത്തിന് തിരിച്ചടിയായി. അനുവദിച്ചത് 89549 മെട്രിക് ടൺ അരി ആയിരുന്നെങ്കിലും അത് സൗജന്യമല്ലെന്നായിരുന്നു ഉത്തരവ്. 

ഇപ്പോൾ സൗജന്യമാണെങ്കിലും പിന്നീട് കിലോക്ക് 25 രൂപ നിരക്കിൽ തുക ഈടാക്കും. ദുരന്തനിവാരണഫണ്ടിൽ നിന്നോ ഭക്ഷ്യ ഭദ്രതാ പദ്ധതികൾ പ്രകാരമുള്ള ഫണ്ടിൽ നിന്നോ പണം ഈടാക്കുമെന്നാണ് ഉത്തരവിൽ പറയുന്നത്. എന്നാൽ കേന്ദ്രനടപടി ചർച്ചയായതോടെ മന്ത്രി വിശദീകരണവുമായി രംഗത്തെത്തുകയായിരുന്നു. 

പണം തിരിച്ചുപിടിക്കരുത് എന്നാവശ്യപ്പെട്ട് വീണ്ടും സംസ്ഥാനം കേന്ദ്രത്തെ സമീപിക്കാനിരിക്കെയാണ് മന്ത്രിയുടെ വിശദീകരണം. ദുരിതക്കെടുതി നേരിടാന്‍ പോരാടുന്ന കേരളത്തിന് മന്ത്രിയുടെ വിശദീകരണം ആശ്വാസമായി. 

വിവാദ ഉത്തരവിന്‍റെ പകര്‍പ്പ് ചുവടെ 

 

 

 

click me!