കടകംപളളിയുടെ ചൈന സന്ദര്‍ശനം; രാഷ്ട്രീയ ഇടപെടല്‍ ഉണ്ടായിട്ടില്ലെന്ന് കേന്ദ്രം

By Web DeskFirst Published Sep 9, 2017, 10:46 AM IST
Highlights

ദില്ലി: മന്ത്രി കടകംപളളി സുരേന്ദ്രന് ചൈനാ സന്ദര്‍ശന അനുമതി നിഷേധിച്ചതില്‍ രാഷ്ട്രീയ ഇടപെടല്‍ ഉണ്ടായിട്ടില്ലെന്ന് കേന്ദ്രം. അനുമതി നല്‍കാത്തതിന് പിന്നില്‍ ഇന്ത്യാ ചൈന തര്‍ക്കമാണെന്നാണ് ഉന്നതവൃത്തങ്ങള്‍ നല്‍കുന്ന വിശദീകരണം. ചൈനയുമായുളള ഇപ്പോഴത്തെ മോശം  ബന്ധം ഇതിന് കാരണമായി. വിദേശകാര്യമന്ത്രാലത്തിലെ ചൈനാ വിഭാഗമാണ് തീരുമാനമെടുത്തതെന്നും ഉന്നത ഉദ്യോഗസ്ഥര്‍ പറയുന്നു.

പ്രധാനമന്ത്രിയുടെ ഓഫീസോ മറ്റ് ഉന്നതവൃത്തങ്ങളോ വിഷയത്തില്‍ ഇടപെട്ടിട്ടില്ലെന്നും വിശദീകരണം. എന്നാല്‍ വിവാദത്തില്‍ ഔദ്യോഗിക വിശദീകരണം നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ ഇതുവരെയും തയ്യാറായിട്ടില്ല. ഈ മാസം 11 മുതല്‍ 16 വരെ  ചൈനയില്‍ ലോക ടൂറിസം ഓര്‍ഗനൈസേഷന്‍ സംഘടിപ്പിക്കുന്ന യോഗത്തില്‍ പങ്കെടുക്കാനാണ് മന്ത്രി കടകംപള്ളി സുരേന്ദ്രന് കേന്ദ്ര സര്‍ക്കാര്‍ അനുമതി നിഷേധിച്ചത്. 

കേരള സംഘത്തിന്റെ തലവന്‍ എന്ന നിലക്കായിരുന്നു നയതന്ത്ര പാസ്പോര്‍ട്ടിന് മന്ത്രി അനുമതി തേടിയത്.  എന്നാല്‍ വ്യക്തമായ കാരണം പറയാതെ അനുമതി നിഷേധിച്ചു എന്ന അറിയിപ്പാണ് വിദേശകാര്യമന്ത്രാലയത്തില്‍ നിന്നും മന്ത്രിയുടെ ഓഫീസിന് കിട്ടിയത്.
 

click me!