ശബരിമല സ്ത്രീ പ്രവേശനം; സുരക്ഷാസംവിധാനങ്ങൾ ഏർപ്പെടുത്തണമെന്ന് കേന്ദ്രസർക്കാറിന്‍റെ കത്ത്

By Web TeamFirst Published Oct 19, 2018, 1:03 PM IST
Highlights

ശബരിമല സുപ്രീം കോടതി വിധി നടപ്പാക്കുമ്പോള്‍ കേരളം, തമിഴ്നാട്, കർണ്ണാടക സർക്കാരുകൾ ശക്തമായ സുരക്ഷാസംവിധാനങ്ങൾ ഏർപ്പെടുത്തണമെന്ന് കേന്ദ്രസർക്കാർ

ദില്ലി: ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീ പ്രവേശനം അനുവദിക്കണമെന്ന സുപ്രീം കോടതി ഉത്തരവ് നടപ്പാക്കുന്ന പശ്ചാത്തലത്തിൽ കേരളം, തമിഴ്നാട്, കർണ്ണാടക സർക്കാരുകൾ ശക്തമായ സുരക്ഷാസംവിധാനങ്ങൾ ഏർപ്പെടുത്തണമെന്ന് കേന്ദ്രസർക്കാർ. കേരള, തമിഴ്നാട് കർണ്ണാടക ചീഫ് സെക്രട്ടറിമാർക്കും പൊലീസ് മേധാവിമാർക്കുമാണ് കേന്ദ്ര ആഭ്യന്തരകാര്യമന്ത്രാലയം കത്തയച്ചത്. ഒക്ടോബര്‍ പതിനേഴിന് നട തുറക്കുമ്പോൾ സ്വീകരിക്കേണ്ട മുൻകരുതലുകളും ജാഗ്രതാ നിർദ്ദേശങ്ങളുമാണ് കത്തിന്‍റെ ഉള്ളടക്കം. ഈ മാസം പതിനാറാം തീയതിയാണ് സംസ്ഥാന സർക്കാർ കത്ത് കൈപ്പറ്റിയത്. 

കത്തിന്‍റെ പരിഭാഷ ചുവടെ

ആഭ്യന്തര കാര്യമന്ത്രാലയം
(ആഭ്യന്തര സുരക്ഷാ വിഭാഗം ഒന്നാം ഡിവിഷൻ)
ഭാരതസർക്കാർ
നോർത്ത് ബ്ലോക്ക്, ന്യൂ ഡൽഹി

സ്വീകർത്താക്കൾ.
1. കേരളം, തമിഴ്നാട്, കർണ്ണാടക ചീഫ് സെക്രട്ടറിമാർ.
2. കേരളം, തമിഴ്നാട്, കർണ്ണാടക പൊലീസ് മേധാവിമാർ.

സർ/മാഡം,

പ്രായഭേദമില്ലാതെ സ്ത്രീകൾക്ക് ശബരിമലയിൽ പ്രവേശനം അനുവദിക്കണമെന്ന ബഹു.സുപ്രീം കോടതി വിധി നടപ്പാക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചിരിക്കുന്നതിന്‍റേയും അതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരിക്കുന്നതുമായ സാഹചര്യത്തിൽ ഒക്ടോബർ 17ന് ശബരിമല മാസപൂജയ്ക്കായി നട തുറക്കുന്ന സമയത്ത് ശക്തമായ സുരക്ഷാസന്നാഹങ്ങൾ ഏർ‍പ്പെടുത്തണം.

പല പൗരാവകാശപ്രവർത്തകരും സ്ത്രീപക്ഷ സംഘടനകളും ഇടതുപക്ഷ സംഘടനകളും മുന്നണികളും തീവ്രസ്വഭാവമുള്ള ഇടത് സംഘടനകളും ശബരിമലയിലെ സ്ത്രീപ്രവേശനത്തിന് അനുകൂലമായി പ്രചാരണം നടത്തുകയും  ഒക്ടോബർ 17ന് സ്ത്രീകളെ ശബരിമലയിൽ എത്തിക്കാനും ശ്രമിച്ചേക്കാം. അതേസമയം അതിനെ എതിർക്കുന്ന വ്യക്തികളും സംഘങ്ങളും അത് അനുവദിക്കില്ല എന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു. ബഹു. സുപ്രീം കോടതി വിധിക്കെതിരെ ഒക്ടോബർ 17 മുതൽ ഹിന്ദു സംഘടനകൾ പത്തനംതിട്ട ജില്ലയിലെ നിലയ്ക്കലിലും കോട്ടയം ജില്ലയിലെ എരുമേലിയിലും പ്രതിഷേധ പരിപാടികൾ നടത്താനും തീരുമാനിച്ചിരിക്കുന്നു. 

കൂടാതെ, അയ്യപ്പഭക്തരും ഹിന്ദു സംഘടനകളും ചില ജാതി സംഘടനകളും ബഹു.സുപ്രീം കോടതി വിധിക്കെതിരെ സംസ്ഥാന വ്യാപക പ്രതിഷേധം സംഘടിപ്പിച്ചിട്ടുണ്ട്. 50 മുതൽ 3000 പേർ വരെ അത്തരം പ്രതിഷേധങ്ങളിൽ അണിനിരക്കുന്നുണ്ട്. അവരിൽ നല്ലൊരു പങ്കും സ്ത്രീകളാണ്. അയൽ സംസ്ഥാനങ്ങളായ തമിഴ്നാട്ടിലും കർണ്ണാടകത്തിലും ചിലയിടങ്ങളിൽ ഹിന്ദു സംഘടനകൾ പ്രതിഷേധങ്ങൾ സംഘടിപ്പിക്കുന്നുണ്ട്.

ഇത് ചൂണ്ടിക്കാട്ടിയ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ ക്രമസമാധാനം നിലനിർത്താനുള്ള എല്ലാ മുൻകരുതൽ നടപടികളും സ്വീകരിക്കണം. അനിഷ്ടസംഭവങ്ങൾ ഒഴിവാക്കാനുള്ള സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കണം. സാഹചര്യമനുസരിച്ച് നിരോധന ഉത്തരവുകൾ പുറത്തിറക്കണം. സാമൂഹ്യമാധ്യമങ്ങളും മറ്റ് ഇന്‍റർനെറ്റ് സേവനങ്ങൾ വഴിയും സാഹചര്യം വഷളാക്കുന്ന പ്രചാരണങ്ങൾ നടക്കുന്നത് തടയണം.  ക്രമസമാധാനം ലംഘിക്കപ്പെടില്ലെന്ന് ഉറപ്പുവരുത്തണം.

വിശ്വസ്ഥതയോടെ
അരവിന്ദ് നാഥ് ത്സാ
(അണ്ടർ സെക്രട്ടറി, ഭാരത സർക്കാർ)

click me!