മമത-സിബിഐ പോര്; കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഗവര്‍ണറോട് വിശദീകരണം തേടി

By Web TeamFirst Published Feb 4, 2019, 12:02 PM IST
Highlights

മമത - സിബിഐ തര്‍ക്കത്തെ തുടര്‍ന്ന് കൊല്‍ക്കത്തയില്‍ തുടരുന്ന നാടകീയ രംഗങ്ങളില്‍ ഗവര്‍ണറുടെ വിശദീകരണം തേടി കേന്ദ്ര ആഭ്യന്തരമന്ത്രാലയം

ദില്ലി: കൊല്‍ക്കത്തയില്‍ തുടരുന്ന നാടകീയ സംഭവങ്ങളില്‍ ഗവര്‍ണറുടെ വിശദീകരണം തേടി കേന്ദ്ര ആഭ്യന്തരമന്ത്രാലയം. ബംഗാളിലെ നിലവിലെ അനശ്ചിതാവസ്ഥ പരിഹരിക്കാനുള്ള അടിയന്തര നടപടികൾ സ്വീകരിക്കാനുള്ള നിർദേശം ബംഗാൾ ചീഫ് സെക്രട്ടറിക്കും ഡിജിപിക്കും നൽകിയെന്ന് ഗവർണർ അറിയിച്ചു. 

ഡിജിപിയോടും ചീഫ് സെക്രട്ടറിയുടും ബംഗാൾ ഗവർണർ കേസരിനാഥ് ത്രിപഠി വിശദീകരണം തേടിയിരുന്നു. ശാരദ ചിട്ടിതട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് കൊല്‍ക്കത്ത സിറ്റി പൊലീസ് കമ്മീഷണര്‍ രാജീവ് കുമാറില്‍ നിന്നും മൊഴിയെടുക്കാന്‍ എത്തിയ സിബിഐ ഉദ്യോഗസ്ഥരെ പൊലീസ് തടഞ്ഞതോടെയാണ് കൊല്‍ക്കത്തയില്‍ നാടകീയ സംഭവങ്ങള്‍ക്ക് തുടക്കമായത്. 

ഇതിനിടെ ചിട്ടി തട്ടിപ്പ് കേസിലെ അന്വേഷണം ബംഗാൾ സര്‍ക്കാര്‍ അട്ടിമറിക്കുന്നു എന്നാരോപിച്ച് സിബിഐ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നത് സുപ്രീംകോടതി നാളേക്ക് മാറ്റി. ഹര്‍ജി ഉടന്‍ പരിഗണിക്കണമെന്ന ആവശ്യം കോടതി തള്ളുകയായിരുന്നു. 

അതേസമയം കൊൽക്കത്തയിലെ നാടകീയ സംഭവങ്ങളെ തുടർന്ന് മുഖ്യമന്ത്രി മമതാ ബാനർജി ഇന്നലെ രാത്രി തുടങ്ങിയ സത്യാഗ്രഹ സമരം തുടരുകയാണ്. ഭരണഘടനയെ സംരക്ഷിക്കുക എന്ന പേരില്‍ കൊൽക്കത്ത മെട്രോ ചാനലിലാണ് മമത ബാനർജി സത്യാഗ്രഹമിരിക്കുന്നത്. നരേന്ദ്ര മോദി ബംഗാളിൽ ഭരണ അട്ടിമറിക്ക് ശ്രമിക്കുകയാണെന്ന് മമത ആരോപിച്ചു.  മമതയെ പിന്തുണച്ച് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി അടക്കം പ്രതിപക്ഷത്തെ നേതാക്കൾ രംഗത്തെത്തി. 

click me!