ഡി.എല്‍.എഫിന്റെ കായല്‍ കയ്യേറ്റത്തിന് കേന്ദ്രസര്‍ക്കാറിന്റെ ക്ലീന്‍ ചിറ്റ്

By Web DeskFirst Published Jun 3, 2016, 9:20 AM IST
Highlights

കൊച്ചി: ചെലവന്നൂര്‍ കായല്‍ കയ്യേറി ഫ്‌ലാറ്റ് സമുച്ചയം നിര്‍മ്മിച്ച കേസില്‍ ഡിഎല്‍എഫിന് കേന്ദ്രസര്‍ക്കാരിന്റെ ക്ലീന്‍ ചിറ്റ്.ഡിഎല്‍എഫ് നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നും നടപടിക്രമങ്ങള്‍ പാലിച്ചാണ് നിര്‍മ്മാണം നടത്തിയിരിക്കുന്നതെന്നും  കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്പ്പിച്ചു.

തീരദേശ സംരക്ഷണ നിയമം ലംഘിച്ചു ചെലവന്നൂര്‍ കായല്‍ തീരത്തു ഡിഎല്‍എഫ് നിര്‍മിച്ച പാര്‍പ്പിടസമുച്ചയം പൊളിച്ചുനീക്കണമെന്ന് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് നേരത്തെ ഉത്തരവിട്ടിരുന്നു.ഇതിനെതിരെ  ഡിഎല്‍എഫ് സമര്‍പ്പിച്ച അപ്പീലില്‍ നിലപാട് അറിയിക്കണമെന്ന ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവിനെതുടര്‍ന്നാണ് കേന്ദ്ര വനം പരിസ്ഥതിതി മന്ത്രാലയം സത്യവാങ്മൂലം സമര്‍പ്പിച്ചത്. 

കേരള കോസ്റ്റല്‍ സോണ്‍ മാനേജ്‌മെന്റ് അതോറിറ്റി നിയമിച്ച വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവിട്ടത്.ഇത്  നിയമപരമായി നിലനില്‍ക്കുന്നതല്ലെന്ന ഡിഎല്‍എഫിന്റെ വാദം പൂര്‍ണമായും പിന്തുണക്കുന്ന നിലപാടാണ് കേന്ദ്രം ഹൈക്കോടതിയില്‍ സ്വീകരിച്ചത്. 

തീരദേശപരിപാലന നിയമപ്രകാരമുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയാണ് ഡിഎല്‍എഫ് പാര്‍പ്പിടസമുച്ചയം നിര്‍മ്മിച്ചിരിക്കുന്നത്. ഇതില്‍ നിയമവിരുദ്ധമായി ഒന്നുമില്ല.എല്ലാ നടപടിക്രമങ്ങലും പാലിച്ച് അനുമതി വാങ്ങിയ ശേഷമുളള നിര്‍മ്മാണം പൊളിച്ചു നീക്കേണ്ട കാര്യമില്ലെന്നും കേന്ദ്രം സത്യവാങ്മൂലത്തില്‍ പറയുന്നു.

click me!