തലയോലപ്പറമ്പ് കൊലപാതകം; മൃതദേഹാവശിഷ്‌ടം കണ്ടെത്താനുള്ള സാധ്യത മങ്ങുന്നു

By Web DeskFirst Published Dec 16, 2016, 6:06 PM IST
Highlights

  
പ്രതി ചൂണ്ടിക്കാണിച്ച സ്ഥലത്ത് ഇപ്പോള്‍ മൂന്നു നില കെട്ടിടമാണ്. പഴയ കടമുറികള്‍ പൊളിച്ചാണ് പുതിയ ബഹുനില മന്ദിരം രണ്ടു വര്‍ഷം മുമ്പ് പണിതത്. പഴയ കെട്ടിടത്തിന്റെ പിന്നിലെ ഗോഡൗണിനുള്ളില്‍ മൃതദേഹം കുഴിച്ചിട്ടെന്നാണ് പ്രതി അനീഷ് ആദ്യം പൊലീസിനോട് പറഞ്ഞത്. പ്രതി ചൂണ്ടിക്കാണിച്ച സ്ഥലത്തും അതിന്‍റെ ഇരുവശങ്ങളിലേയ്‌ക്കും കൂടുതല്‍ വീതിയില്‍ കുഴിയെടുത്തെങ്കിലും ഒന്നും കിട്ടിയില്ല. മൂന്ന് അടിയോളം കുഴിക്കുമ്പോള്‍ തന്നെ ഇവിടെ സ്വാഭാവികമായി കട്ടിയുള്ള മണ്ണായിരുന്നു. അനീഷിന്‍റെ സഹതടവുകരാനായ പ്രേമന്‍റെ മൊഴിയാണ് കൊലപാതക വിവരം സ്ഥിരീകരിക്കാന്‍ പൊലീസ് പ്രധാനമായും ആശ്രയിച്ചത്. പ്രേമന്‍ പറഞ്ഞതാകട്ടെ പഴയ കടയുടെ തൊട്ടു പിന്നിലാണ് മൃതദേഹം മറവു ചെയ്തതെന്നാണ്.

അനീഷ് വഴി തെറ്റിച്ചെന്ന് സംശയം തോന്നിയ പൊലീസ് ഇന്നലെ ഏറ്റവും ഒടുവില്‍  പ്രേമന്‍ പറഞ്ഞ സ്ഥലം  കുഴിച്ചു. പുതിയ കടയുടെ നിര്‍മാണത്തിനായി ഇവിടെ നിന്ന് വലിയ തോതില്‍ മണ്ണ് മാറ്റിയിട്ടുണ്ടെന്ന് ബോധ്യപ്പെട്ടു. അതില്‍ അവശിഷ്‌ടങ്ങളും ഉള്‍പ്പെട്ടിട്ടുണ്ടാകാമെന്നാണ് നിഗമനം. അനീഷ് പറഞ്ഞ മൊഴി ഇപ്പോള്‍ അന്വേഷണ സംഘം പൂര്‍ണമായും വിശ്വാസത്തിലെടുക്കുന്നില്ല. അതിനാല്‍ അനീഷിനെ വിശദമായി ചോദ്യം ചെയ്യും. അന്ന് ഇവിടെ നിന്ന് മണ്ണ് നീക്കം ചെയ്തവരെ ചോദ്യം ചെയ്തെങ്കിലും മണ്ണ് കൊണ്ടിട്ട സ്ഥലത്ത് ഉടനെ പരിശോധന നടത്തില്ല. പരിശോധന നടത്തിയാലും മൃതദേഹാവശിഷ്‌ടം കിട്ടുമോയെന്ന ആശങ്ക അന്വേഷണ സംഘത്തിനുണ്ട്. കേസ് ബലപ്പെടുത്താന്‍ പുതിയ തുമ്പ് തേടുകയാണ് അന്വേഷണ സംഘം.

click me!