'നാം രണ്ട് നമുക്ക് രണ്ട് പോരാ'; കുടുംബാസൂത്രണത്തെ തള്ളി ചന്ദ്രബാബു നായിഡു

By Web TeamFirst Published Jan 26, 2019, 8:53 AM IST
Highlights

പത്ത് വര്‍ഷത്തിനുള്ളില്‍ ഏറ്റവും വിജയകരമായി കുടുംബാസൂത്രണം നടപ്പാക്കി സംസ്ഥാനമാണ് ആന്ധ്രാ പ്രദേശ്. ഇതോടെ ജനന നിരക്ക് കുറഞ്ഞെന്ന് നായിഡു പറയുന്നു

അമരാവതി: ജനസംഖ്യാനിയന്ത്രണം ലക്ഷ്യമാക്കിയുള്ള കുടുംബാസൂത്രണത്തെ തള്ളി ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. നാം രണ്ട്, നമുക്ക് രണ്ട് എന്ന ചിന്ത മാറണമെന്നും ഓരോ വീട്ടിലും രണ്ടിലധികം കുട്ടികള്‍ ഉള്ളതാണ് നല്ലതെന്നും നായിഡു പറഞ്ഞു. അമരാവതിയില്‍ ഒരു പൊതു ചടങ്ങില്‍ പങ്കെടുക്കവേ നാല് കുട്ടികള്‍ എങ്കിലും വേണമെന്ന് ആഗ്രഹമുള്ളവരെ പ്രോത്സാഹിപ്പിക്കണമെന്നും ചന്ദ്രബാബു നായിഡു ആഹ്വാനം ചെയ്തു.

ഇന്നത്തെ തലമുറ വിവാഹത്തില്‍ നിന്ന് അകലുകയാണ്. അവര്‍ വിവാഹം വേണ്ടെന്ന അഭിപ്രായം പറയുന്നത് ഞെട്ടല്‍ ഉളവാക്കുന്നതാണ്. ഇനി വിവാഹം ചെയ്താല്‍ കുട്ടികള്‍ വേണെന്നാണ് അവര്‍ പറയുന്നത്. ഈ പ്രവണതയും ഞെട്ടിക്കുന്നു. മനുഷ്യവിഭവശേഷി നാടിന്‍റെ വളര്‍ച്ചയ്ക്ക് അത്യാവശ്യമാണ്.

ഒരു കുട്ടിയെങ്കിലും വേണമെന്നുള്ളത് ഒരു ഉത്തരവാദിത്തമായി കരുതണമെന്നും നായിഡു പറഞ്ഞു. പത്ത് വര്‍ഷത്തിനുള്ളില്‍ ഏറ്റവും വിജയകരമായി കുടുംബാസൂത്രണം നടപ്പാക്കിയ സംസ്ഥാനമാണ് ആന്ധ്രാ പ്രദേശ്. ഇതോടെ ജനന നിരക്ക് കുറഞ്ഞെന്ന് നായിഡു പറയുന്നു.

ജനസംഖ്യാനിയന്ത്രണം നടപ്പാക്കിയ ജപ്പാനും ചെെനയും യൂറോപ്യന്‍ രാജ്യങ്ങളിലും ഈ നീക്കം കൊണ്ടുണ്ടായ പ്രശ്നങ്ങള്‍ വലുതാണ്. മരണ നിരക്ക് കൂടുന്നത് അനുസരിച്ച ജനന നിരക്ക് വര്‍ധിക്കാത്തത് പ്രശ്നങ്ങളുണ്ടാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നേരത്തെ, രണ്ട് കുട്ടികളിൽ കൂടുതലുള്ളവരുടെ വോട്ടവകാശം പിൻവലിക്കണമെന്ന് യോഗ ​ഗുരു ബാബാ രാം​ദേവ് ആവശ്യപ്പെട്ടിരുന്നു.

രാജ്യത്തെ ജനസംഖ്യ നിയന്ത്രിക്കാൻ രണ്ട് കുട്ടികളിൽ കൂടുതലുള്ളവവരുടെ വോട്ടവകാശം, തൊഴിൽ, ചികിത്സ തുടങ്ങിയ സൗകര്യങ്ങൾ എടുത്തു കളയണമെന്ന് രാംദേവ്  പറഞ്ഞു. ഹിന്ദു ആയാലും മുസ്ലിം ആയാലും ഈ നിബന്ധനകൾ ഇരുവർക്കും ബാധകമാണ്. എന്നാൽ മാത്രമേ ജനസംഖ്യ നിയന്ത്രിക്കാൻ സാധിക്കുകയുള്ളുവെന്നും രാംദേവ് കൂട്ടിച്ചേർത്തു. രണ്ട് കുട്ടികളില്‍ കൂടുതലുള്ളവര്‍ക്ക് വോട്ടവകാശം നല്‍കുന്നത് നിര്‍ത്തണമെന്ന് ആവശ്യം ഇതിനുമുമ്പും രാംദേവ് ഉന്നയിച്ചിരുന്നു.

click me!