
ബംഗളുരു: ബംഗളുരു നഗരത്തിലിപ്പോൾ താരം എൺപതുകാരി ശെൽവമ്മയാണ്. വിധാൻ സൗധയ്ക്ക് മുന്നിൽ ഹൈ ടെക്കായി ചോളം ചുട്ടെടുക്കുകയാണ് ശെൽവമ്മ. എംജിആർ മരിച്ച കൊല്ലമാണ് ഉന്തുവണ്ടിയിലെ ചോളക്കച്ചവടം ശെല്‍വമ്മ തുടങ്ങിയത്. അതായത് 32 വർഷം മുമ്പ്.
രണ്ട് ദിവസം മുമ്പ് വരെ വിധാൻ സൗധ മെട്രോ സ്റ്റേഷന്‍ മുന്നിലെ പതിവുകാരി മാത്രമായിരുന്ന ശെൽവമ്മയുടെ വണ്ടിക്കു ചുറ്റും ഇപ്പോള്‍ ആള് കൂടുന്നുണ്ട്. കാരണം ചോളം ചുട്ടെടുക്കാനുള്ള ശെല്‍വമ്മയുടെ ഹൈടെക് സംവിധാനമാണ്. സോളാർ പാനലും കറങ്ങുന്ന ഫാനും അതിൽ ചുട്ടെടുക്കുന്ന ചോളവും കണ്ട് കൗതുകത്തോടെ എത്തുന്നവരാണ് മിക്കവരും.
കനൽ കെടാതിരിക്കാൻ വീശി മടുത്ത ശെൽവമ്മയെ കണ്ട രണ്ട് യുവാക്കളാണ് സോളാർ ഫാൻ സമ്മാനിച്ചത്. ഇതോടെ ചോളം ചുട്ടെടുക്കുന്നത് എളുപ്പമായി. പാനലിനൊപ്പം ഒരു ലൈറ്റുമുണ്ട്. അതുകൊണ്ട് തന്നെ മലിനീകരണവും ഇല്ല,രാത്രിയില്‍ ജോലി ചെയ്യാനുള്ള തടസ്സവുമില്ലാതായി. 9000 രൂപയാണ് വിപണിയിൽ ഈ ഉപകരണത്തിന് വില.
സ്വിച്ചിട്ടാൽ കത്തുമെന്നും കറങ്ങുമെന്നും മാത്രമേ പുതിയ സംവിധാനത്തെക്കുറിച്ച് ശെൽവമ്മയ്ക്ക് അറിയൂ. കൗതുകം കൂടുതലുളളവരോട് കച്ചവടം കുറയ്ക്കാതെ മാറിത്തരാൻ പറഞ്ഞ് മടുക്കുകയാണ് ഇപ്പോള്‍ ശെൽവമ്മ.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam