ആഭ്യന്തരമന്ത്രിയിൽ ജനങ്ങൾക്ക് വിശ്വാസം നഷ്ടപ്പെട്ടു,യഥാർത്ഥ പ്രതികളെ സംരക്ഷിക്കാൻ ശ്രമം: ചെന്നിത്തല

By Web DeskFirst Published Feb 20, 2018, 9:56 AM IST
Highlights


കോഴിക്കോട്: ശുഹൈബിന്റെ വധവുമായി ബന്ധപ്പെട്ട് അന്വേഷണ സംഘത്തിൽ ജനങ്ങൾക്ക് വിശ്വാസമില്ലാതെ ആയിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോടിയേരി പറയുന്നതാണോ പൊലീസ് പറയുന്നതാണോ വിശ്വസിക്കേണ്ടതെന്നും കണ്ണൂർ എസ്.പി എന്തിന് ലീവിൽ പോയിയെന്നത് വ്യക്തമാക്കണമെന്ന് ചെന്നിത്തല പറഞ്ഞു. 

എസ്.പിയെ മറികടന്നാണ് പ്രതികളുടെ അറസ്റ്റ് രേഖപെടുത്തിയതെന്നും ഇതില്‍ നിന്ന് വ്യക്തമാണ്. സർക്കാർ യഥാർത്ഥ പ്രതികളെ സംരക്ഷിക്കാൻ ശ്രമിക്കുന്നുവെന്നും യഥാർത്ഥ പ്രതികൾ ആരെന്ന് കോടിയേരി വ്യക്തമാക്കണമെന്നും ചെന്നിത്തല പറഞ്ഞു. എഡിജിപി ഗൂഡാലോചന ഉണ്ടെന്ന് വ്യക്തമാക്കിയ സാഹചര്യത്തിൽ ഇതിന് പിന്നിൽ പ്രവർത്തിച്ചവരെ പുറത്ത് കൊണ്ട് വരണമെന്നും ചെന്നിത്തല പറഞ്ഞു. 

സി.പി.എമ്മും ബി.ജെപിയും കൊലപാതകത്തിന് നേതൃത്വം നൽകുന്നുവെന്നും സി പി എം ഭീകര സംഘടനയായി മാറുന്നുവെന്നും ചെന്നിത്തല പറഞ്ഞു. കൊലപാതകികളെ സംരക്ഷിക്കുന്ന നിലപാട് മാറ്റണമെന്നും സർക്കാർ ഒളിച്ചുകളി അവസാനിപ്പിക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. വിഷയത്തില്‍ മുഖ്യമന്ത്രിയുടെ നിലപാട് പ്രതിഷേധാർഹമാണെന്നും പിണറായി വിജയനെന്ന ആഭ്യന്തര മന്ത്രിയിൽ ജനങ്ങൾക്ക് വിശ്വാസം നഷ്ടപ്പെട്ടുവെന്നും ചെന്നിത്തല പറഞ്ഞു.

ദേശീയതലത്തിൽ ആര്‍എസ്എസിന്റെ അക്രമങ്ങളെ അപലപിക്കുന്ന സി പി എം ദേശീയ നേതൃത്വം ഇക്കാര്യത്തിൽ പ്രതികരിക്കാത്തത് എന്താണെന്നും അക്രമ രാഷ്ട്രീയത്തില്‍ യച്ചൂരി പ്രതികരിക്കണമെന്നും ചെന്നിത്തല പറഞ്ഞു. ഡമ്മി പ്രതികളാണെന്ന സംശയം തള്ളി കളയാൻ കഴിയില്ലെന്ന് ചെന്നിത്തല. ടി പി കേസ് പ്രതികൾ കൊലപാതകത്തിന് പിന്നിലുണ്ടെന്ന ആരോപണത്തിൽ ഉറച്ച് നിൽക്കുന്നുവെന്നും ചെന്നിത്തല പറഞ്ഞു. 

സ്വകാര്യ ബസ്സ് സമരം നേരിടുന്നതിൽ സർക്കാർ പരാജയപ്പെട്ടു. പെട്രോൾ, ഡീസൽ വർധനവിലൂടെ കിട്ടുന്ന അധിക നികുതി വേണ്ടെന്ന് വക്കാൻ തയ്യാറാകണമെന്നും ചെന്നിത്തല പറഞ്ഞു. 


 

click me!