
തിരുവനന്തപുരം: കാസർകോട് ഇരട്ട കൊലപാതകത്തിൽ സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് രമേശ് ചെന്നിത്തല. യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കൊലപാതകത്തിലെ പ്രധാന പ്രതി ഉദുമ എംഎൽഎ കെ. കുഞ്ഞിരാമനാണെന്ന് പ്രതിപക്ഷനേതാവ് ആരോപിച്ചു. എംഎൽഎ.യുടെ പങ്ക് അന്വേഷിക്കാതെ പൊലീസ് ഒളിച്ചുകളി നടത്തുകയാണെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി.
കേസ് പീതാംബരനിൽ ഒതുക്കാൻ പൊലീസും സർക്കാരും ശ്രമിക്കുയാണെന്ന് ആരോപിച്ച ചെന്നിത്തല കേസ് സിബിഐക്ക് കൈമാറണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയെ കാണുമെന്ന് അറിയിച്ചു. കേസിൽ കോൺഗ്രസ് നിയമ പോരാട്ടം നടത്തുമെന്നും ചെന്നിത്തല വ്യക്തമാക്കി.
നിലവിലെ പൊലീസ് അന്വേഷണത്തിൽ കോൺഗ്രസിന് വിശ്വാസമില്ലെന്ന് പറഞ്ഞ ചെന്നിത്തല കേരള പൊലീസ് സിപിഎമ്മിന്‍റെ ആജ്ഞാനുവർത്തികളായാണ് പ്രവർത്തിക്കുന്നതെന്ന് ആരോപിച്ചു. എംഎൽഎയുടെ പ്രേരണയിലാണ് കൊല നടന്നതെന്ന് കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾ അടക്കം പറഞ്ഞിട്ടും കേസ് പീതാംബരനിൽ മാത്രം ഒതുക്കാനാണ് പൊലീസ് ശ്രമിക്കുന്നത്.മുൻ എംഎൽഎ കെവി കുഞ്ഞിരാമൻ പ്രതി പീതാംബരൻറെ വീട്ടിലെത്തി കുടുംബത്തിന് പാർട്ടി സഹായം വാഗ്ദാനം ചെയ്തതും യഥാർത്ഥ പ്രതികളെ രക്ഷിക്കാനാണെന്നും ചെന്നിത്തല ആരോപിച്ചു.
വെട്ട് കൊണ്ട് കയ്യിൽ ഇരുമ്പ് കമ്പി ഇട്ട പീതാംബരൻ സ്വന്തം കാര്യങ്ങൾ പൊലും നിർവഹിക്കാൻ കഴിയില്ലെന്നാണ് ഭാര്യ പറയുന്നത്. അങ്ങനെ ഒരാൾക്ക് എങ്ങനെയാണ് ഒരാളെ വെട്ടിവീഴ്ത്താൻ കഴിയുകയെന്ന് ചെന്നിത്തല ചൊദിച്ചു. കൊലപാതകത്തിന്റെ രീതിയും സാഹചര്യവും പരിശോധിച്ചാൽ കണ്ണൂരിൽ നിന്നുള്ള ക്വട്ടേഷൻ സംഘത്തിന്റെ പങ്ക് വ്യക്തമാണെന്ന് പറഞ്ഞ ചെന്നിത്തല ഇത് അന്വേഷിക്കാൻ പൊലീസ് ഇതുവരെ തയ്യാറായിട്ടില്ലെന്ന് കുറ്റപ്പെടുത്തി.
തെളിവെടുപ്പിൽ കണ്ടെത്തിയ ആയുധങ്ങളുടെ കാര്യത്തിലും ചെന്നിത്തല സംശയം പ്രകടിപ്പിച്ചു. തുരുമ്പെടുത്ത പിടിയില്ലാത്ത വാളും പാരയും കണ്ടെത്തി കേസ് അവിടെ അവസാനിപ്പിക്കാൻ ശ്രമം നടക്കുകയാണെന്നാണ് ചെന്നിത്തലയുടെ ആരോപണം. കേസ് അട്ടി മറിക്കാനുള്ള ബോധപൂർവ്വമായ നീക്കം സർക്കാർ നടത്തുകയാണെന്ന് ആവർത്തിച്ച ചെന്നിത്തല കോടിയേരിയുടെ സാരോപദേശങ്ങൾ ചെകുത്താൻ വേദമോതുന്ന പോലെയാണെന്ന് പരിഹസിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam