പിണറായി നാളെ കാസര്‍കോട്; ഇരട്ടക്കൊലപാതകത്തിൽ തിരക്കിട്ട നടപടിയുമായി പൊലീസ്

By Web TeamFirst Published Feb 21, 2019, 12:28 PM IST
Highlights

ഇരട്ട കൊലപാതക കേസിൽ അന്വേഷണം ഊര്‍ജ്ജിതമാക്കി പൊലീസ്. കസ്റ്റഡിയിലുള്ള അഞ്ച് പേരുടെയും അറസ്റ്റ് രേഖപ്പുത്തിയേക്കും. നാളെയാണ് മുഖ്യമന്ത്രി പിണറായി വിജയൻ കാസര്‍കോടെത്തുന്നത് 

കാസര്‍കോട്: കാസര്‍കോട് ഇരട്ട കൊലപാതക കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത്‍ലാലിന്റെയും കുടുംബം ഹൈക്കോടതിയെ സമീപിക്കാനിരിക്കെ കേസിൽ അന്വേഷണം ഊര്‍ജ്ജിതമാക്കി പൊലീസ്.  ഇന്നലെ അറസ്റ്റ് ചെയ്ത ഏച്ചിലടുക്കം സ്വദേശി സജി ജോർജിനെ ഇന്ന് കോടതിയിൽ ഹാജരാക്കി. സജി ജോര്‍ജ്ജിന് കൊലപാതകത്തിൽ നേരിട്ട് പങ്കുണ്ടെന്നാണ് റിമാൻഡ് റിപ്പോര്‍ട്ട്. പ്രതികൾ സഞ്ചരിച്ച വാഹനം സജിയുടെതാണെന്നാണ് പൊലീസ് പറയുന്നത്.സജിയെ കോടതി ആറ് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു

മുഖ്യ സൂത്രധാരനെന്ന്  കണ്ടെത്തിയ സിപിഎം ലോക്കല്‍ സെക്രട്ടറി പീതാംബരനെ കോടതിയിൽ ഹാജറാക്കിയ ശേഷം പൊലീസ് കസ്റ്റഡിയിൽ വാങ്ങിയിരുന്നു. പീതാംബരനെ പൊലീസ് ക്ലബിൽ എത്തിച്ചിട്ടുണ്ട്. കേസിൽ അറസ്റ്റിലായ പീതാംബരനും സജി ജോര്‍ജ്ജും കസ്റ്റഡിയിലുള്ള സുരേഷ് അടക്കം അഞ്ച് പേരെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യുന്നതിലൂടെ കൊലപാതകത്തിന്റെ ആസൂത്രണമടക്കം നിര്‍ണ്ണായക വിവരങ്ങൾ കിട്ടുമെന്നാണ് പൊലീസ് കരുതുന്നത്. 

അതേസമയം കൊലപാതക കേസുമായി നേരിട്ട് ബന്ധപ്പെടുത്താവുന്ന തെളിവുകളോ സാക്ഷി മൊഴികളോ നിലവിൽ കസ്റ്റഡിയിലുള്ള അഞ്ച് പേരിൽ പലര്‍ക്കുമെതിരെ ഇല്ലെന്നത് പൊലീസിനെ കുഴക്കുന്നുണ്ട്. കണ്ണൂര്‍ സ്വദേശിയും കല്ലിയോട് സ്ഥിരതാമസക്കാരനുമായ സുരേഷ് വാഹനത്തിലുണ്ടായിരുന്ന ആളാണെന്നാണ് പൊലീസിന് കിട്ടിയ വിവരം. തെളിവുകളും സാക്ഷിമൊഴികളും ശേഖരിച്ച് മാത്രമെ മറ്റുള്ളവരുടെ അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് കടക്കാനും പൊലീസിന് കഴിയു. 

കേസിന് പിന്നിലെ ഉന്നതതല ഗൂഢാലോചന പുറത്ത് കൊണ്ടു വരണമെന്നും നിലവിലെ അന്വേഷണത്തിൽ തൃപ്തിയില്ലെന്നുമാണ് കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത്‍ലാലിന്റെയും കുടുംബം പറയുന്നത്. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാനുള്ള തീരുമാനത്തിനൊപ്പം നിൽക്കുന്ന കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ സംഘടനകളാകട്ടെ സര്‍ക്കാറിനെതിരെ പ്രക്ഷോഭം ശക്തമാക്കാനുള്ള തീരുമാനത്തിലുമാണ്. ഡിവൈഎസ്പി ഓഫീസിലേക്ക് കോൺഗ്രസ് മാര്‍ച്ച് നടത്തുമെന്നും അറിയിച്ചിട്ടുണ്ട്. 

ഇതിനിടെയാണ് മുഖ്യമന്ത്രി പിണറായി വിജയൻ നാളെ കാസര്‍കോട് എത്തുന്നത്. കാസര്‍കോട് ടൗണിൽ സിപിഎം ഡിസി ഓഫീസിന്റെ ശിലാ സ്ഥാപനവും കാഞ്ഞങ്ങാട്ട് ബസ് സ്റ്റാന്റ് ഉദ്ഘാടനവും അടക്കം വിവിധ പരിപാടികളാണ് മുഖ്യമന്ത്രിക്ക് നാളെ കാസര്‍കോട് ജില്ലയിലുള്ളത്. മുഖ്യമന്ത്രി വരുന്നതിന് മുൻപ് അന്വേഷണം ഊര്‍ജ്ജിതമായും കുറ്റമറ്റ നിലയിലും പുരോഗമിക്കുന്നു എന്ന പ്രതീതി ഉണ്ടാക്കാനുള്ള പരിശ്രമമാണ് പൊലീസ് തലത്തിൽ നടക്കുന്നതും.

click me!