ബ്രൂവറി അഴിമതി; മുഖ്യമന്ത്രിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് ഗവർണർക്ക് വീണ്ടും ചെന്നിത്തലയുടെ കത്ത്

By Web TeamFirst Published Oct 10, 2018, 2:31 PM IST
Highlights

ബ്രൂവറി അഴിമതി കേസില്‍ എക്സൈസ് മന്ത്രിക്കും മുഖ്യമന്ത്രിക്കുമെതിരെ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഗവര്‍ണര്‍ക്ക് വീണ്ടും കത്തയച്ചു.

തിരുവനന്തപുരം: ബ്രൂവറി അഴിമതി കേസില്‍ എക്സൈസ് മന്ത്രിക്കും മുഖ്യമന്ത്രിക്കുമെതിരെ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഗവര്‍ണര്‍ക്ക് വീണ്ടും കത്തയച്ചു. ബ്രൂവറി അനുമതി റദ്ദാക്കിയാലും ഇരുവര്‍ക്കുമെതിരെ കേസ് എടുക്കാമെന്നാണ് ചെന്നിത്തല ഗവര്‍ണ്ണര്‍ക്കുള്ള കത്തില്‍ ആവശ്യപ്പെട്ടത്. 

എന്നാല്‍ ബ്രൂവറികൾക്ക് ലൈസൻസ് അനുവദിച്ചതിലെ ക്രമക്കേട് സ്വന്ത്ര ഏജൻസി അന്വഷിക്കണമെന്നാവശ്യപ്പെട്ടുള്ള പൊതു താൽപ്പര്യ ഹർജി ഹൈക്കോടതി തീർപ്പാക്കിയിരുന്നു. ലൈസൻസ്  അനുവദിച്ചതിൽ ചട്ടലംഘനമുണ്ടായെങ്കിൽ അത് സർക്കാർ തിരുത്തിയെന്നും ജനം ജാഗജൂഗരാണെന്നും ഓർമ്മിപ്പിച്ചായിരുന്നു ഹൈക്കോടതി നടപടി.

സംസ്ഥാനത്ത് ബ്രൂവറികളും, ബ്ളെൻഡിംഗ് യൂണിറ്റിനും തുടങ്ങാന്‍ നൽകിയ അനുമതി റദ്ദാക്കിയത് ചട്ടലംഘനത്തിന്‍യും അഴിമതിയുടെയും തെളിവാണെന്നും ഇക്കാര്യത്തിൽ സ്വന്ത്രഏജൻസിയുടെ അന്വേഷണം വേണമെന്നുമായിരുന്നു ഇടുക്കി സ്വദേശിയുടെ പൊതുതാൽപ്പര്യ ഹർജി. എന്നാൽ ലൈസൻസ് അനുവദിച്ചതിൽ ചട്ടലംഘനം ഉണ്ടായെങ്കിൽ അത് സർക്കാർ തന്നെ തിരുത്തിയല്ലോവെന്നും ഇനി തെറ്റാവർത്തിക്കാതെ നോക്കണമെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് വ്യക്തമാക്കുകയായിരുന്നു.

ചട്ടലംഘനമുണ്ടായാൽ തെറ്റുകൾ ജനം ശ്രദ്ധയിൽപ്പെടുത്തുമെന്നും കോടതി ഓർമ്മിപ്പിച്ചു. ലൈസൻസുകൾ അനുവദിക്കുമ്പോൾ പരിശോധനകൾക്കായി ഒരു കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ടെന്ന് സർക്കാർ കോടതിയെ അറിയിച്ചിരുന്നു. ഇക്കാര്യങ്ങൾ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച്  രേഖപ്പെടുത്തിയാണ് ഹർജി തീർപ്പാക്കിയത്. ബ്രൂവറി, ബ്ളെൻഡിംഗ് കമ്പിനികളെ കൂടാതെ എക്സൈസ് കമ്മീഷണർ, സർക്കാർ എന്നിവരെ എതിർ കക്ഷികളാക്കിയായിരുന്നു ഹർ‍ജി. ഇതിനിടെയാണ് കേസില്‍ അന്വേഷണം ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല ഗവര്‍ണര്‍ക്ക് കത്തയച്ചത്. 
 

click me!