
മാസങ്ങള്‍ക്കകം മുംബൈയില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ നഗരത്തിന്റെ തലയെടുപ്പായി മാറുമെന്ന് സര്‍ക്കാര്‍ അവകാശപ്പെടുന്ന ശിവാജി സ്മാരക പദ്ധതിക്കാണ് പ്രധാനന്ത്രി തറക്കല്ലിടുന്നത്. മുബൈ തീരത്തുനിന്ന് ഒന്നര കീലോമീറ്റര്‍ അകലെ അറബിക്കടലിലെ ദ്വീപില്‍ പതിനഞ്ച് ഹെക്ടറിലാണ് സ്മാരകം ഒരുങ്ങുന്നത്. മൂവായിരത്തി അറുനൂറ് കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതി ധൂര്‍ത്താണെന്ന് ആരോപണം ഉയര്‍ന്നിരുന്നു.
ദ്വീപില്‍ പ്രതിമ നിര്‍മിച്ചാല്‍ ഉപജീവനത്തെ ബാധിക്കുമെന്നാരോപിച്ച് മല്‍സ്യ തൊഴിലാളികളും രംഗത്തെത്തിയിരുന്നെങ്കിലും പിന്നീട് അവര്‍ പ്രതിഷേധം അവസാനിപ്പിച്ചു. മഹാരാഷ്ട്രയുടെ വികാരമായ ഛത്രപതി ശിവാജി മഹാരാജാവിന്റെ പ്രതിമ രാഷ്ട്രീയമായി നേട്ടമാകുമെന്നാണ് ബി.ജെ.പിയുടെ കണക്കുകൂട്ടല്‍.
ഇതോടൊപ്പം ഇരുപത്തിരണ്ട് കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള കടല്‍പ്പാലം ഉള്‍പ്പെടുന്ന ശിവജി നാവസേവ ട്രാന്‍സ് ഹാര്‍ബര്‍ ലിങ്കിനും പ്രധാനമന്ത്രി തറക്കല്ലിടും. പതിനേഴായിരത്തി എഴുനൂറ് കോടിയാണ് പദ്ധതിക്ക് ചെലവ് പ്രതീക്ഷിക്കുന്നത്. മുംബൈയിലെയും പുണെയിലെയും മെട്രോ റയില്‍ പദ്ധതിക്കും പ്രധാനമന്ത്രി ഇന്ന് തുടക്കം കുറിക്കും.
അര്‍ഹമായ ക്ഷണവും സ്ഥാനവും ലഭിച്ചില്ലെന്നാരോപിച്ച് പ്രധാനന്ത്രി മുമ്പ പങ്കെടുത്ത പരിപാടികളില്‍ നിന്ന് വിട്ടുനിന്ന ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെ ഇന്നത്തെ പൊതുസമ്മേളനത്തില്‍ മോദിക്കൊപ്പം വേദി പങ്കിടും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam