അലോക് വർമ്മ കേസ്: ഉന്നതാധികാരസമിതിയിൽ നിന്ന് ചീഫ് ജസ്റ്റിസ് പിന്മാറി

By Web TeamFirst Published Jan 9, 2019, 1:06 PM IST
Highlights

സിബിഐ ഡയറക്ടര്‍ അലോക് വർമ്മയ്ക്ക് എതിരായ തുടർ നടപടികൾ നിശ്ചയിക്കാനുള്ള ഹൈപവര്‍ കമ്മിറ്റിയില്‍ നിന്ന് ചീഫ് ജസ്റ്റിസ് പിന്മാറി.

ദില്ലി: സിബിഐ ഡയറക്ടര്‍ അലോക് വർമ്മയുടെ പദവി സംബന്ധിച്ചുള്ള കേസ് കേൾക്കുന്ന ഉന്നതാധികാരസമിതിയിൽ നിന്ന് ചീഫ് ജസ്റ്റിസ് പിന്മാറി. ജസ്റ്റിസ് എകെ സിക്രിയുടെ പേര് ചീഫ് ജസ്റ്റിസ് പകരം നിർദ്ദേശിച്ചു. കേസില്‍ കഴിഞ്ഞ ദിവസം വിധി പറഞ്ഞതിനാലാണ് ചീഫ് ജസ്റ്റിസ് മാറി നില്‍ക്കുന്നത്.

ഇതനുസരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി, ജസ്റ്റിസ് എ കെ സിക്രി, ലോക്സഭയിലെ പ്രതിപക്ഷനേതാവ് മല്ലികാർജ്ജുൻ ഖാർഗെ എന്നിവരാകും സമിതിയിലെ അംഗങ്ങള്‍. ഒരാഴ്ചക്കകം സമിതി യോഗം ചേരണമെന്ന് സുപ്രീം കോടതി ഇന്നലെ വിധിച്ചിരുന്നു. അതിനിടെ സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ അലോക് വര്‍മ്മ ഇന്ന് ഓഫീസിലെത്തി ചുമതലയേറ്റു. ഇന്ന് രാവിലെ ദില്ലിയിലെ സിബിഐ ആസ്ഥാനത്ത് എത്തിയാണ് ചുമതലയേറ്റത്.

ഉന്നതാധികാരസമിതി ഇന്ന് രാത്രിയാണ് യോഗം ചേരുക. വർമയ്ക്കെതിരായ തുടർനടപടികളെന്താകണം എന്ന് യോഗം ചർച്ച ചെയ്ത് തീരുമാനമെടുക്കും. ഇനി 19 ദിവസം മാത്രമാണ് വർമയ്ക്ക് സിബിഐയിൽ സർവീസ് ബാക്കിയുള്ളത്.


 

click me!