
തിരുവനന്തപുരം: കേര പദ്ധതിക്ക് ലോക ബാങ്ക് അനുവദിച്ച വായ്പ തുക ട്രഷറിയിൽ പിടിച്ചുവച്ചെന്ന് വാര്‍ത്ത നൽകിയ മാധ്യമങ്ങൾക്കെതിരെ അന്വേഷണത്തിന് സര്‍ക്കാര്‍. സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്തുന്ന വിധത്തിലുള്ള വിവരം മാധ്യമങ്ങൾക്ക് എങ്ങനെ കിട്ടി എന്ന കാര്യത്തിലാണ് അന്വേഷണം നടക്കുക.സംസ്ഥാനത്തെ നാല് ലക്ഷം കര്‍ഷകര്‍ക്ക് നേരിട്ടും പത്ത് ലക്ഷം കര്‍ഷകര്‍ക്ക് പരോക്ഷമായും ഗുണപ്പെടുന്ന കേര പദ്ധതിയുടെ നടത്തിപ്പിലെ വീഴ്ച ഏപ്രിൽ 26 നാണ് ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തയാക്കുന്നത്. പദ്ധതി നടത്തിപ്പിന് ലോക ബാങ്ക് അനുവദിച്ച ആദ്യഗഡു വായ്പ തുക 139.65 പദ്ധതി അക്കൗണ്ടിലേക്ക് സമയത്ത് കൈമാറാതെ സാമ്പത്തിക വര്‍ഷാവസാനം ട്രഷറിയിൽ പിടിച്ചു വച്ചു. അനുവദിച്ച തുക ഏഴ് ദിവസത്തെ സമയ പരിധി പിന്നിട്ടിട്ടും അക്കൗണ്ടിലെത്താത്തിൽ ലോകബാങ്ക് പ്രകടിപ്പിച്ച അതൃപ്തി മാധ്യമങ്ങൾക്ക് എങ്ങനെ ചോര്‍ന്നു കിട്ടിയെന്നാണ് സര്‍ക്കാര്‍ അന്വേഷിക്കുന്നത്.
സാമ്പത്തിക വര്‍ഷാവസാനത്തിലെ പണ ഞെരുക്കം സമ്മതിക്കുന്നുണ്ട്. പക്ഷെ സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താനാണ് മാധ്യമങ്ങള്‍ക്ക് വാര്‍ത്ത നൽകിയതെന്നാണ് നിലപാട്. വാര്‍ത്ത നൽകിയ മാധ്യമങ്ങളുടെ വിവരങ്ങൾ പിആര്‍ഡി ഡയറക്ടറിൽ നിന്ന് ശേഖരിച്ചിട്ടുണ്ട്. ഉദ്യോഗസ്ഥരിൽ നിന്നോ വ്യക്തികളിൽ നിന്നോ വാക്കാലോ രേഖാമൂലമോ മൊഴിയെടുക്കാൻ അന്വേഷണ ഉദ്യോഗസ്ഥന് അധികാരമുണ്ടെന്ന് വ്യക്തമാക്കിയാണ് ഉത്തരവ്. രേഖകള്‍ വിളിച്ചു വരുത്തി പരിശോധിക്കാം . പരിശോധനകള്‍ നടത്താം. നടപടികള്‍ രേഖപ്പെടുത്താനും അധികാരമുണ്ട്.
ഒരു മാസത്തിനകം അന്വേഷണ റിപ്പോര്‍ട്ടും ശുപാര്‍ശകളും സമര്‍പ്പിക്കണം . ചുരുക്കത്തിൽ മാധ്യമപ്രവര്‍ത്തരിൽ നിന്നും മാധ്യമ സ്ഥാപനങ്ങളിൽ നിന്നും മൊഴിയെടുക്കാനും വിശദീകരണം തേടാനുമാണ് അന്വേഷണ ഉദ്യോഗസ്ഥന് അധികാരം നൽകി കൊണ്ടുള്ള ഉത്തരവിലൂടെ മാധ്യമങ്ങളുടെ വായടപ്പിക്കാനാണ് ശ്രമം. ലോക ബാങ്ക് അയച്ച ഇമെയിൽ സന്ദേശം മാധ്യമങ്ങൾക്ക് ചോര്‍ന്ന് കിട്ടിയത് അസാധാരണമെന്നും കുറിപ്പിലുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam