
ദില്ലി: കുട്ടികള്‍ക്കെതിരായ പീഡനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ സര്‍ക്കാര്‍ നല്‍കിയ ടോള്‍ ഫ്രീ നമ്പർ പോണ്‍ സൈറ്റില്‍. നമ്പർ പോണ്‍ സൈറ്റില്‍ വന്നതോടെ ലൈംഗികാവശ്യങ്ങള്‍ക്ക് ആളെ കിട്ടുമോ എന്ന് ചോദിച്ചുകൊണ്ടുള്ള നിരവധി വിളികളാണ് ഹെല്‍പ്‍ലൈനിലെത്തിയത്.
ഫോണ്‍ വിളികള്‍ ശല്യമായതോടെ പഴയ നമ്പർ ഡീ-ആക്റ്റിവേറ്റ് ചെയ്തിരിക്കുകയാണ് ഉദ്യോഗസ്ഥര്‍. ഹെല്‍പ്‍ലൈന് വേണ്ടി പുതിയ നമ്പറെടുത്തിട്ടുണ്ടെന്ന് എന്‍.സി.പി.സി.ആര്‍ (നാഷണല്‍ കമ്മീഷന്‍ ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് ചൈല്‍ഡ് റൈറ്റ്സ്) അറിയിച്ചു. അതേസമയം പഴയ നമ്പർ തന്നെ വീണ്ടെടുക്കാനുള്ള ശ്രമം തുടരുന്നുണ്ടെന്നും ഇവര്‍ അറിയിച്ചു.
2016ലാണ് വനിതാ-ശിശുക്ഷേമ വകുപ്പ് മന്ത്രാലയത്തിന്‍റെ നേതൃത്വത്തില്‍ ഹെല്‍പ്‍ലൈന്‍ ആരംഭിച്ചത്. കുട്ടികള്‍ക്കെതിരായ പീഡനങ്ങള്‍ പരാതിയായി ഫയല്‍ ചെയ്യുകയോ അല്ലെങ്കില്‍ ടോള്‍ ഫ്രീ നമ്പരില്‍ വിളിച്ചറിയിക്കുകയോ ചെയ്യാവുന്ന രീതിയിലായിരുന്നു ഹെല്‍പ്‍ലൈനിന്‍റെ പ്രവര്‍ത്തനം.
ഇക്കാര്യം പരമാവധി ജനങ്ങളിലേക്കെത്തിക്കുന്നതിന്‍റെ ഭാഗമായി ടോള്‍ ഫ്രീ നമ്പരും ഇ-മെയില്‍ ഐഡിയും നല്ല രീതിയില്‍ പരസ്യം ചെയ്തു. പദ്ധതിയുമായി ബന്ധപ്പെട്ട പരസ്യമുള്‍പ്പെടെയുള്ള വിഷയങ്ങള്‍ക്ക് 'സെക്സ്' എന്ന വാക്ക് ടാഗ് ആയി കൊടുത്തിരുന്നു. അങ്ങനെ ഓണ്‍ലൈനില്‍ പോണ്‍ സെര്‍ച്ച് ചെയ്യുന്നവരിലേക്ക് ഈ നമ്പർ എത്തുകയായിരുന്നു. തുടര്‍ന്നാണ് 'സെക്സ് സർവീസ്' ആവശ്യപ്പെട്ട് നിരവധി വിളികൾ ഹെല്‍പ്‍ലൈന്‍ കേന്ദ്രത്തിലേക്കെത്തിയത്.
സംഭവത്തില്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്ന് എന്‍.സി.പി.സി.ആര്‍ ഉദ്യോഗസ്ഥര്‍ അറിയിച്ചു. ടെലികോം സര്‍വീസ് പ്രൊവൈഡറായ എം.ടി.എൻ.എല്ലിനെയും പരാതിയുമായി ഇവര്‍ സമീപിച്ചിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam