പ്രാർത്ഥിക്കുന്നവർ 'പ്രാണായാമം' ചെയ്യുന്നതിൽ എന്തെങ്കിലും തെറ്റുണ്ടോ? 'നിങ്ങൾ ഇത് ചെയ്താൽ നിസ്കാരം ഉപേക്ഷിക്കണം' എന്ന് ഞങ്ങൾ പറയില്ലെന്നും ആർഎസ്എസ് നേതാവ് കൂട്ടിച്ചേർത്തു.
ദില്ലി: ഹിന്ദു മതം പരമോന്നതമാണെന്നും പരിസ്ഥിതിപരമായ കാരണങ്ങാൾ ഇന്ത്യയിലെ മുസ്ലീംകൾ നദികളേയും സൂര്യനേയും ആരാധിക്കണമെന്നും മുതിർന്ന ആർഎസ്എസ് നേതാവ് ദത്തത്രേയ ഹൊസബാലെ. കഴിഞ്ഞ ചൊവ്വാഴ്ച ഉത്തർപ്രദേശിലെ സന്ത് കബീർ നഗറിൽ നടന്ന ഒരു പരിപാടിയിലാണ് ആർഎസ്എസ് നേതാവിന്‍റെ വിവാദ പരാമർശം. മുസ്ലീം സഹോദരങ്ങൾ സൂര്യനമസ്കാരം ചെയ്യണമെന്നും ദത്തത്രേയ പറഞ്ഞു. നദികളേയും സൂര്യനേയും ആരാധിച്ചാൽ അവർക്ക് ഒന്നും സംഭവിക്കില്ല. നമ്മുടെ മുസ്ലീം സഹോദരങ്ങൾ സൂര്യനമസ്കാരം ചെയ്താൽ അവർക്ക് എന്ത് ദോഷമാണ് വരിക? അതിനർത്ഥം അവർ പള്ളിയിൽ പോകുന്നത് തടയപ്പെടുമെന്നല്ലെന്നും ദത്തത്രേയ പറഞ്ഞു.
നമ്മുടെ ഹിന്ദുമതം പരമോന്നതമാണ്. അത് എല്ലാവർക്കും വേണ്ടിയാണ് സംസാരിക്കുന്നത്. യോഗാസനങ്ങളുടെ ക്രമമായ 'സൂര്യനമസ്കാരം' ശാസ്ത്രീയവും ആരോഗ്യധിഷ്ഠിതവുമായ രീതിയാണ്. മുസ്ലീകൾക്ക് അത് എന്ത് ദോഷം ചെയ്യും? പ്രാർത്ഥിക്കുന്നവർ 'പ്രാണായാമം' ചെയ്യുന്നതിൽ എന്തെങ്കിലും തെറ്റുണ്ടോ? 'നിങ്ങൾ ഇത് ചെയ്താൽ നിസ്കാരം ഉപേക്ഷിക്കണം' എന്ന് ഞങ്ങൾ പറയില്ലെന്നും ആർഎസ്എസ് നേതാവ് കൂട്ടിച്ചേർത്തു. ആളുകൾക്ക് ഏത് വിശ്വാസവും പിന്തുടരാൻ സ്വാതന്ത്ര്യമുണ്ട്, എന്നാൽ അവർ 'മാനവ ധർമ്മത്തിന്' മുൻഗണന നൽകണമെന്നും അദ്ദേഹം പറഞ്ഞു. വിഭജനത്തെക്കുറിച്ച് പരാമർശിക്കവെ, 'ഹിന്ദുക്കൾക്ക് എന്ത് സംഭവിച്ചു എന്നത് എല്ലാവർക്കും അറിയാം' എന്നും ഹൊസബാലെ പറഞ്ഞു.
ഹിന്ദു തത്ത്വശാസ്ത്രം 'എല്ലാ ജീവജാലങ്ങളോടും പ്രകൃതിയോടും അഹിംസ' പഠിപ്പിക്കുന്നുവെന്ന് അവകാശപ്പെട്ട ആർ.എസ്.എസ് നേതാവ്, കുട്ടികൾക്ക് ദൈവങ്ങളുടെ പേരിടുന്ന ഇന്ത്യയുടെ സവിശേഷമായ പാരമ്പര്യത്തെയും എടുത്തുപറഞ്ഞു. ഹിന്ദുമതത്തിലെ ആചാരങ്ങളെ പരിസ്ഥിതിബോധം, സംസ്കാരം, ആരോഗ്യം എന്നിവയുമായി ബന്ധിപ്പിച്ചു കൊണ്ട് അവതരിപ്പിക്കാനാണ് ഹൊസബാലെ ശ്രമിച്ചത്. അതേസമയം ആർഎസ്എസ് നേതാവിന്‍റെ പരാമർശത്തിനെതിരെ കോൺഗ്രസ് അടക്കമുള്ളവർ രംഗത്ത് വന്നിട്ടുണ്ട്. 'ഹിന്ദു മതം പരമോന്നതമാണ്' എന്ന പരാമർശം അമ്പരപ്പുണ്ടാക്കിയെന്ന് കോൺഗ്രസ് വിമർശിച്ചു.
കഴിഞ്ഞ ജൂണിൽ ഭരണഘടനയിലെ 'സെക്കുലർ' (മതനിരപേക്ഷം), 'സോഷ്യലിസ്റ്റ്' എന്നീ വാക്കുകൾ നിലനിർത്തുന്നതിനെക്കുറിച്ച് ഒരു 'ചർച്ച' വേണമെന്ന് ഹൊസബാലെ ആവശ്യപ്പെട്ടിരുന്നു. ഇതിനെതിരെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി അടക്കമുള്ളവർ രംഗത്തെത്തിയിരുന്നു. "ആർഎസ്എസിന്റെ മുഖംമൂടി വീണ്ടും അഴിഞ്ഞു വീണിരിക്കുന്നുവെന്നായിരുന്നു രാഹുൽ ഈ ആവശ്യത്തോട് പ്രതികരിച്ചത്. ഭരണഘടന ആർഎസ്എസിനെ അലോസരപ്പെടുത്തുന്നുണ്ട്, കാരണം അത് തുല്യതയെയും മതനിരപേക്ഷതയെയും നീതിയെയും കുറിച്ച് സംസാരിക്കുന്നത് കൊണ്ടാണ്. ആർഎസ്എസ്-ബിജെപി സഖ്യത്തിന് വേണ്ടത് മനുസ്മൃതിയാണ്- രാഹുൽ ട്വിറ്ററിലൂടെ വിമർശിച്ചു.


