
പമ്പ: ദർശനത്തിനെത്തുന്ന കുട്ടികൾക്കായി ശബരിമലയിൽ മതിയായ സൗകര്യങ്ങളില്ലെന്ന് ദേശീയ ബാലാവകാശ കമ്മീഷൻ. 15 ദിവസത്തിനകം പ്രശ്നങ്ങൾ പരിഹരിക്കാൻ ജില്ലാ ഭരണകൂടത്തിന് നിർദ്ദേശം നൽകിയ കമ്മീഷൻ സംസ്ഥാന സർക്കാർ ഇക്കാര്യങ്ങളിൽ വീഴ്ച വരുത്തിയെന്നും കുറ്റപ്പെടുത്തി. പൊലീസ് അതിക്രമം അടക്കം 15 ലേറെ പരാതികളാണ് കമ്മീഷന് ലഭിച്ചത്.
ചിത്തിര ആട്ട വിശേഷത്തിനും തുടർന്ന് ഇക്കഴിഞ്ഞ 19നും 24 നും സന്നിധാനത്ത് നടന്ന പൊലീസ് നടപടികൾക്കിടെ കുട്ടികൾക്കെതിരെ അതിക്രമം നടന്നെന്നും ഭക്ഷണമടക്കം നിഷേധിച്ചെന്നും ആരോപിച്ചുള്ള പരാതികളുടെ പശ്ചാത്തലത്തിലാണ് ദേശീയ ബാലാവകാശ കമ്മീഷൻ ശബരിമല സന്ദർശിച്ചത്. പമ്പയിലും സന്നിധാനത്തും സന്ദർശനം നടത്തിയ കമ്മീഷൻ അംഗങ്ങളായ ആർ.ജി ആനന്ദും തനി റാമും പരാതിക്കാരിൽ നിന്നും മൊഴിയെടുത്തു. ഇക്കഴിഞ്ഞ 24 ന് രാത്രി സന്നിധാനത്ത് നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ചാത്തന്നൂർ സ്വദേശിയും ആറു വയസുകാരാനായ മകനും പരാതി നൽകാനെത്തി.
സന്നിധാനത്ത് നിന്ന് കസ്റ്റഡിയിലെടുത്ത ഇവരെ പമ്പയിൽ എത്തിയ ശേഷം വിട്ടയക്കുകയായിരുന്നു. ചാത്തന്നൂർ പഞ്ചായത്തിലെ സ്വതന്ത്ര അംഗമാണ് കുട്ടിയുടെ പിതാവ്. ഗൗരവമുള്ള പരാതികളാണ് കിട്ടിയതെന്നും കുട്ടികൾക്കായുള്ള അടിസ്ഥാന സൗകര്യങ്ങൾ തീർത്തും അപര്യാപ്തമെന്നും കമ്മീഷൻ അംഗങ്ങൾ പറഞ്ഞു. ജില്ലാ ഭരണകൂടം ആത്മാർത്ഥത കാട്ടുന്നുണ്ടെങ്കിലും സംസ്ഥാന സർക്കാരിന്റെ നിലപാട് മറിച്ചാണ്.
സന്നിധാനത്ത് കുട്ടികൾക്കായി സംരക്ഷണ കേന്ദ്രം തുടങ്ങണം. സമരത്തിനായി കുട്ടികളെ ഉപയോഗിക്കുന്നത് നിയമ വിരുദ്ധമെന്നും കമ്മീഷൻ വ്യക്തമാക്കി. കമ്മീഷൻ റിപ്പോർട്ട് കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് നൽകും. കുട്ടികൾക്ക് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാനുള്ള നടപടികൾ ഉടൻ ആരംഭിക്കുമെന്ന് പത്തനംതിട്ട ജില്ലാ കളക്ടർ പി.ബി നൂഹ് അറിയിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam