സനല്‍കുമാര്‍ വധക്കേസ്: ആമാശയത്തില്‍ മദ്യമുണ്ടായിരുന്നില്ല, മൃതദേഹത്തിന് മദ്യത്തിന്‍റെ മണമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്

By Web TeamFirst Published Nov 28, 2018, 4:24 PM IST
Highlights

അപകടത്തില്‍പ്പെട്ട സനലിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ പൊലീസ് മദ്യം നല്‍കിയതായി നാട്ടുകാര്‍ ആരോപിച്ചിരുന്നു. മദ്യം ഉള്ളില്‍ ചെന്നിട്ടുണ്ടോ എന്ന് വ്യക്തമാകണമെങ്കില്‍ ആന്തരികാവയവ റിപ്പോര്‍ട്ട്  ലഭിക്കണമെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കി. 

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ കൊല്ലപ്പെട്ട സനല്‍കുമാറിന്‍റെ മൃതദേഹത്തിന് മദ്യത്തിന്‍റെ മണമുണ്ടായിരുന്നതായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. എന്നാല്‍ ആമാശയത്തില്‍ മദ്യത്തിന്‍റെ അംശമുള്ളതായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നില്ല.

അപകടത്തില്‍പ്പെട്ട സനലിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ പൊലീസ് മദ്യം നല്‍കിയതായി നാട്ടുകാര്‍ ആരോപിച്ചിരുന്നു. മദ്യം ഉള്ളില്‍ ചെന്നിട്ടുണ്ടോ എന്ന് വ്യക്തമാകണമെങ്കില്‍ ആന്തരികാവയവ റിപ്പോര്‍ട്ട്  ലഭിക്കണമെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കി. 

കേസിലെ മുഖ്യപ്രതി ഡിവൈഎസ്പി ഹരികുമാറിന്‍റെ ആത്മഹത്യയ്ക്ക് പിന്നാലെ സുഹൃത്ത് ബിനുവും ഡ്രൈവര്‍ രമേശും പൊലീസില്‍ കീഴടങ്ങിയിരുന്നു. ഹരികുമാര്‍ ആത്മഹത്യ ചെയ്തെങ്കിലും കേസില്‍ നിയമപരമായ അന്വേഷണം തുടരുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ വ്യക്തമാക്കിയിരുന്നു. 

മദ്യപിക്കാറില്ലാത്ത തന്‍റെ സഹോദരന്‍റെ വായില്‍ പൊലീസുകാര്‍ മദ്യമൊഴിച്ചതായി സഹോദരി ആരോപിച്ചിരുന്നു. സനല്‍ മദ്യം കഴിച്ചുവെന്ന് വരുത്തി തീര്‍ത്ത് കേസ് വഴി തിരിച്ച് വിടാനാണ് സനലിന് മദ്യം നല്‍കിയതെന്നും ഇവര്‍ പറഞ്ഞിരുന്നു. 

Read More: 'പരിക്കേറ്റ സനലിന്‍റെ വായിൽ പൊലീസുകാർ മദ്യമൊഴിച്ചു കൊടുത്തു': ആരോപണവുമായി സഹോദരി

നവംബര്‍ ആറിനാണ് നെയ്യാറ്റിന്‍കരയിലെ സനല്‍ കുമാറിനെ ഡിവൈഎസ്പി ഹരികുമാര്‍ കാറിന് മുന്നിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയത്. തുടര്‍ന്ന് ഒളിവില്‍ പോയ ഹരികുമാറിന പിന്നീട് സ്വവസതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മുന്‍കൂർ ജാമ്യ ഹര്‍ജി കോടതി പരിഗണിക്കാനിരിക്കെയാണ് ഹരികുമാറിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. 

കൊലപാതക കേസ് മാത്രമായിരുന്നു ലോക്കല്‍ പൊലീസ് ഹരികുമാറിനെതിരെ ആദ്യം ചുമത്തിയിരുന്നത്. എന്നാല്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ പൊലീസിനെ കബളിപ്പിക്കല്‍, തെളിവ് നശിപ്പിക്കല്‍, സംഘംചേരല്‍, മര്‍ദ്ദനം തുടങ്ങിയ വകുപ്പുകളും ഹരികുമാറിനെതിരെ ചുമത്തിയിരുന്നു. 


 

click me!