ഇന്ത്യയില്‍ കൂടുതല്‍ നിക്ഷേപങ്ങള്‍ക്ക്  താല്‍പര്യമുണ്ടെന്ന് ചൈന

By Web DeskFirst Published Aug 13, 2016, 11:09 AM IST
Highlights

ബീജിംഗ്: ഇന്ത്യയില്‍ കൂടുതല്‍ നിക്ഷേപങ്ങള്‍ക്ക് താല്‍പര്യമുണ്ടെന്ന് ചൈന. ദില്ലിയില്‍ കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജുമായുള്ള ചര്‍ച്ചയിലാണ്  ചൈനീസ് വിദേശകാര്യമന്ത്രി വാംങ് യി ഇക്കാര്യം അറിയിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും ചൈനീസ് വിദേശകാര്യമന്ത്രി കൂടിക്കാഴ്ച നടത്തി.

ഗോവയില്‍ നടന്ന ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുക്കാനാണ് ചൈനീസ് വിദേശകാര്യ മന്ത്രി വാംങ് യി ഇന്ത്യയിലെത്തിയത്. ഇന്നലെ ദില്ലിയിലേക്ക് എത്തിയ അദ്ദേഹം രാവിലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. ഇന്ത്യയുടെ എന്‍.എസ്.ജി പരാജയത്തിന് ശേഷം ആദ്യമായാണ് ഇന്ത്യചൈന നയതന്ത്രണ ചര്‍ച്ച നടക്കുന്നത്. 

എന്‍.എസ്.ജിക്കായി ചൈനയുടെ പിന്തുണ, ദക്ഷിണ ചൈന കടല്‍ തര്‍ക്കങ്ങള്‍ ഉള്‍പ്പടെയുള്ള വിഷയങ്ങളില്‍ ചര്‍ച്ചകള്‍ നടന്നതായാണ് സൂചന. പിന്നീട് വിദേശകാര്യമന്ത്രി സുഷമസ്വരാജുമായും ചൈനീസ് വിദേശകാര്യമന്ത്രി വാംങ് യി ചര്‍ച്ച നടത്തി. 

അതിവേഗ ട്രൈയിന്‍ ഉള്‍പ്പടെയുള്ള പദ്ധതികളും അടിസ്ഥാനസൗകര്യമേഖലയിലും നിക്ഷേപം നടത്താന്‍ ചര്‍ച്ചയില്‍ ചൈന താല്പര്യം പ്രകടിപ്പിച്ചു. അടുത്ത മാസം പ്രധാനമന്ത്രി നരേന്ദ്ര മോദി ബീജിംഗിലേക്ക് പോകുന്നുണ്ട്. അതിന് മുന്നോടിയായി കൂടിയാണ് വിദേശകാര്യമന്ത്രിമാരുടെ ചര്‍ച്ച ദില്ലിയില്‍ നടന്നത്.

click me!