പന്നിയിറച്ചിയും വൈനും ഉൾപ്പെടെ അമേരിക്കൻ ഉത്പന്നങ്ങൾക്ക് നികുതിയുമായി ചൈന

By Web DeskFirst Published Apr 3, 2018, 9:03 AM IST
Highlights
  • പന്നിയിറച്ചിയും വൈനും ഉൾപ്പെടെ അമേരിക്കൻ ഉത്പന്നങ്ങൾക്ക് നികുതിയുമായി ചൈന
  • അമേരിക്കക്ക് വർഷം 300 കോടി യുഎസ് ഡോളറിന്‍റെ ബാധ്യത ഉണ്ടാക്കുന്ന തീരുമാനം

സ്റ്റീലിനും അലുമിനിയത്തിനും നികുതി ഏ‌ർപ്പെടുത്തിയ അമേരിക്കക്ക് അതേ നാണയത്തിൽ ചൈനയുടെ തിരിച്ചടി. പന്നിയിറച്ചിയും വൈനും ഉൾപ്പെടെയുള്ള അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് ചൈന 25 ശതമാനം നികുതി ഏർപ്പെടുത്തി. ഇതേതുടർന്ന് അമേരിക്കൻ ഓഹരി വിപണി കൂപ്പുകുത്തി. അമേരിക്കൻ വ്യവസായ മേഖലയുടെ സംരക്ഷണം മുൻനിർത്തി എന്ന പ്രഖ്യാപനത്തോടെ കഴിഞ്ഞ മാസമാണ് ഡോണള്‍ഡ് ട്രംപ് സ്റ്റീലിനും അലുമിനിയത്തിനും ഇറക്കുമതി തീരുവ ചുമത്തിയത്. 

ഈ തീരുമാനത്തിനാണ് ഒരു മാസത്തിനിപ്പുറം ചൈന അതേ നാണയത്തിൽ തിരിച്ചടി നൽകിയിരിക്കുന്നത്. അമേരിക്കയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന പന്നിയിറച്ചിയും വൈനും ഉൾപ്പെടെയുള്ള 123 ഉൽപ്പന്നങ്ങൾക്കാണ് ചൈന ഇറക്കുമതി തീരുവ ചുമത്തിയത്. 25 ശതമാനമാണ് തീരുവ. അമേരിക്കക്ക് വർഷം 300 കോടി യുഎസ് ഡോളറിന്‍റെ ബാധ്യത ഉണ്ടാക്കുന്ന തീരുമാനമാണ് ഇത്. 

ഇതേതുടർന്ന് ചൈനയെ വിമർശിച്ച് അമേരിക്ക രംഗത്തെത്തി. അന്താരാഷ്ട്ര വ്യാപാരത്തെ ചൈന തകർക്കുകയാണെന്ന് അമേരിക്ക കുറ്റപ്പെടുത്തി. മാന്യമായി കച്ചവടം ചെയ്യുന്നവരെ തകർക്കാതെ ആ വഴി കച്ചവടത്തിൽ സ്വീകരിക്കുകയാണ് ചൈന ചെയ്യേണ്ടതെന്ന് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് പറഞ്ഞു. 

ചൈനയുടെ നടപടിയെ തുടർന്ന് അമേരിക്കൻ ഓഹരി വിപണിയും തിരിച്ചടി നേരിട്ടു. നികുതി വർദ്ധനവ് ഉണ്ടായേക്കാമെന്ന ആശങ്കയില്‍ യുഎസ് സ്റ്റോക്ക് എക്സ്ചേഞ്ച് കുപ്പുകുത്തി. അമേരിക്കയിൽ ഉൽപ്പാദിപ്പിക്കപ്പെടുന്ന പന്നിയിറച്ചിയുടെ ഏറ്റവും വലിയ ഉപഭോക്താവ് ചൈന ആയതിനാൽ ഈ നടപടി അമേരിക്കൻ വിപണിക്ക് വലിയ തിരിച്ചടി ആകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
 

click me!