ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കോണ്‍ഗ്രസിന് തുടക്കമായി

By Web DeskFirst Published Oct 18, 2017, 2:02 PM IST
Highlights

ബീജിങ്: പുതിയ പരിഷ്കരണങ്ങളുടെ സൂചന നൽകിക്കൊണ്ട് ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പത്തൊമ്പതാം കോൺഗ്രസിന് ബീജിംഗിൽ തുടക്കമായി. ഷീ ജിൻപിങ്ങിന്റെ രണ്ടാമൂഴം ഉറപ്പിക്കുന്നതാവും പാർട്ടി കോൺഗ്രസിന്റെ പ്രധാന അജണ്ട.

പ്രസിഡന്റ് ഷീ ജിങ്പിങിന്റെ കരുത്തുതെളിയിക്കൽ എന്നു വിശേഷിപ്പിക്കപ്പെടുന്ന കോൺഗ്രസിൽ പ്രസിഡന്റ് രാജ്യത്തിന്റെ സോഷ്യലിസ്റ്റ് ആധുനികവത്കരണത്തിനായി പുതിയ പദ്ധതി വിവരിച്ചു. പേരെടുത്തുപറയാതെ ടിബറ്റ്, ഹോങ്കോങ് എന്നിവിടങ്ങളിലെ വിഘടനവാദത്തെ വിമർശിച്ച ഷീ വിദേശനിക്ഷേപം ആകർഷിക്കാൻ ആവശ്യമായ നടപടികളെടുക്കുമെന്നും വ്യക്തമാക്കി.

കൂടുതൽ യാഥാസ്ഥിതികതയിലൂന്നിയൂള്ള ആഭ്യന്തരനയങ്ങൾക്കും ആഗോളരംഗത്തെ ആധിപത്യത്തിലൂന്നിയുള്ള വിദേശനയത്തിനും തന്നെയായിരിക്കും ഇത്തവണയും മുൻഗണന. ഷീയുടെ കാഴ്ചപ്പാടുകളും നയങ്ങളും എഴുതിച്ചോർത്ത് ഭരണഘടന പരിഷ്കരിക്കപ്പെടുമെന്നും അഭ്യൂഹമുണ്ട്.

തന്റെ മുൻഗാമികളുടെ നയങ്ങളിൽനിന്നെല്ലാം വ്യത്യസ്തമായി പർട്ടിയുടെ ആധിപത്യം സൈനിക, രാഷ്ട്രീയ, വ്യവസായ മേഖലകളിൽ ഉറപ്പിക്കുന്നതായിരുന്നു ഷീയുടെ ആദ്യഭരണകാലാവധി. അഴിമതിക്കെതിരായി കടുത്ത നടപടികളെടുത്തതും ഷീയുടെ ജനസമമതി കൂട്ടി. വൺബെൽറ്റ് വൺ റോ‍ഡ് പദ്ധതി ആഗോളതലത്തിൽ ചൈനയുടെ മേധാവിത്വം ലക്ഷ്യമിടുന്നതായി. ഇത് ഷീയുടെ അവസാന കാലാവധിയാണെങ്കിലും അതിനുശേഷവും  ഷീ നേതൃസ്ഥാനത്ത് തുടരാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്.

click me!