അമേരിക്കന്‍ വാണിജ്യ സെക്രട്ടറി ഹോവാര്‍ഡ് ലുട്‌നിക്ക് അപ്രതീക്ഷിതമായി ഇന്ത്യ സന്ദർശിച്ച് വാണിജ്യമന്ത്രി പിയൂഷ് ഗോയലുമായി ചര്‍ച്ച നടത്തി. വ്യാപാര കരാറിൽ ഇന്ത്യയെ അനുനയിപ്പിക്കാനാണ് ഈ നീക്കമെന്ന് വിലയിരുത്തപ്പെടുന്നു. 

ദില്ലി: അമേരിക്കന്‍ വാണിജ്യ സെക്രട്ടറിയുടെ അപ്രതീക്ഷിത ഇന്ത്യാ സന്ദർശനം. ഇന്നലെ ഇന്ത്യയിലെത്തിയ ഹോവാര്‍ഡ് ലുട്‌നിക്ക് വാണിജ്യമന്ത്രി പിയൂഷ് ഗോയലുമായി ചര്‍ച്ച നടത്തി. ചർച്ച ഫലപ്രദമായിരുന്നുവെന്ന് ഹോവാര്‍ഡ് ലുട്‌നിക്ക് പ്രതികരിച്ചു. തീരുവയിൽ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് സുപ്രീം കോടതിയിൽ നിന്നും തിരിച്ചടി കിട്ടിയതോടെ വ്യാപാക കരാറിൽ മെല്ലപ്പോക്ക് പിന്തുടരുന്ന ഇന്ത്യയെ അനുനയിപ്പിക്കാനാണ് അപ്രതീക്ഷിത സന്ദർശനത്തിന്റെ ലക്ഷ്യമെന്നാണ് വിവരം.

തീരുവയിൽ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് സുപ്രീം കോടതിയിൽ നിന്നും തിരിച്ചടി കിട്ടിയതിന് പിന്നാലെ അമേരിക്ക ലോകരാജ്യങ്ങളുമായുള്ള വ്യാപാരം സംബന്ധിച്ച് അതിവേഗ നീക്കങ്ങള്‍.ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളുമായി വ്യാപാര കരാറിന് മുമ്പ് ഏറെ താമസമാണ് ഉണ്ടായിരുന്നതെങ്കില്‍ അമേരിക്കന്‍ സുപ്രീം കോടതി വിധിക്ക് പിന്നാലെ ദ്രുത ഗതിയിലും അപ്രതീക്ഷിതവുമായ നീക്കങ്ങളാണ് ട്രംപ് ഭരണകൂടം നടത്തുന്നത്.

ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര പ്രശ്‌നങ്ങളാണ് ചര്‍ച്ചയില്‍ സജീവമായത്.ഇരുവരുടേയും ചര്‍ച്ച ഏറെ ഫലപ്രദമായിരുന്നുവെന്നു ഇന്ത്യയിലെ അമേരിക്കന്‍ അംബാസിഡര്‍ സെര്‍ജിയോ ഗോര്‍ അറിയിച്ചു. അമേരിക്കയും ഇന്ത്യയും തമ്മിലുള്ള വ്യാപാര സാമ്പത്തിക ബന്ധങ്ങള്‍ കൂടുതല്‍ ദൃഡമാക്കുന്നതിന്റെ ഭാഗമായാണ് ഈ കൂടിക്കാഴ്ച്ചയെന്നാണ് അമേരിക്കന്‍ വാണിജ്യമന്ത്രാലയത്തിന്റെ പ്രതികരണം. സ്വകാര്യ സന്ദര്‍ശനത്തിനായാണ് ലുട്‌നിക്ക് ഇന്ത്യയിലെത്തിയത്. അതോടൊപ്പമായിരുന്നു അപ്രതീക്ഷിതമായി വാണജ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ച്ചയെന്നാണ് വിവരം.