
കണ്ണൂര്‍: ഓട്ടോ ഡ്രൈവറായ ചിത്രലേഖയ്ക്ക് യുഡിഎഫ് സര്‍ക്കാര്‍ നല്‍കിയ ഭൂമി തിരിച്ചെടുക്കുന്നതായി എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ ഉത്തരവ്. 2016 ഡിസംബറിലാണ് ചിത്രലേഖയ്ക്ക് 5 സെന്‍റ് ഭൂമിയും വീട് നിർമ്മിക്കുന്നതിനാവശ്യമായ ഫണ്ടും യുഡിഎഫ് സർക്കാർ അനുവദിച്ചത്. ഈ ഭൂമിയാണ് ഇപ്പോള്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ തിരിച്ചെടുക്കുന്നത്.
അഞ്ച് സെന്‍റിനോടൊപ്പം വീട് നിർമ്മിക്കാനനുവദിച്ച ഫണ്ട് എൽഡിഎഫ് സർക്കാർ നേരത്തേ പിൻവലിച്ചിരുന്നു. സന്നദ്ധ സംഘനടയുടെ സഹായത്തോടെ തുടങ്ങിയ വീടിന്‍റെ നിർമ്മാണ പ്രവർത്തികൾ അവസാനഘട്ടത്തിലെത്തി നിൽക്കുമ്പോഴാണ് പുതിയ സർക്കാർ ഉത്തരവ്.
തന്നെ രാഷ്ട്രീയമായി നേരിടാനുള്ള ശ്രമമാണ് ഈ നടപടിയിലൂടെ നടക്കുന്നതെന്ന് ചിത്രലേഖ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പ്രതികരിച്ചു. അനുവദിച്ചുകിട്ടിയ ഭൂമി തിരിച്ചു നൽകില്ലെന്ന നിലപാടിൽ തന്നെ ഉറച്ചു നില്‍ക്കുകയാണ്. ഇതിനായി ഏതറ്റം വരെയും പോകാൻ തയ്യാറെണെന്നും ഒരേസമയം സമരവുമായും നിയമ പരമായ വഴികളിലൂടെയും മുന്നോട്ട് പോകാനാണ് തന്‍റെ തീരുമാനമെന്നും ചിത്രലേഖ പറഞ്ഞു.
കഴിഞ്ഞ യുഡിഎഫ് സർക്കാർ ഭൂമി നൽകിക്കൊണ്ട് ഇറക്കിയ ഉത്തരവ് റദ്ദാക്കിയ പുതിയ ഉത്തരവ് കഴിഞ്ഞ ദിവസമാണ് ചിത്രലേഖയ്ക്ക് കിട്ടിയത്.
നേരത്തേ ചിത്രലേഖയുടെ ഉടമസ്ഥതയിൽ ഭൂമിയും വീടും ഉള്ളതിനാൽ ഭൂമി അനുവദിക്കരുതെന്ന പരാതികൾ തള്ളിക്കൊണ്ട് പ്രത്യേക അധികാരമുപയോഗിച്ചാണ് അന്ന് ഉമ്മൻചാണ്ടി സർക്കാർ നടപടികൾ കൈക്കൊണ്ടത്. അതേ പ്രത്യേക അധികാരമുപയോഗിച്ച് ചിത്രലേഖയുടെ കൈവശം ഭൂമിയുണ്ടെന്ന വാദമുയർത്തിത്തന്നെയാണ് ഇപ്പോൾ എൽഡിഎഫ് സർക്കാർ ഉത്തരവ് റദ്ദാക്കിയിരിക്കുന്നതും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam