കശ്മീരില്‍ പ്രതിഷേധക്കാര്‍ക്കുനേരെ സൈന്യം വെടിയുതിര്‍ത്തു; വിദ്യാര്‍ഥി കൊല്ലപ്പെട്ടു

By gopala krishananFirst Published Apr 15, 2016, 2:39 PM IST
Highlights

ശ്രീനഗര്‍: ജമ്മുകശ്‍മീരില്‍ പ്രതിഷേധ പ്രകടനം നടത്തിയവര്‍ക്കു നേരെ സൈന്യം നടത്തിയ വെടിവയ്‌പ്പില്‍  വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടു. പ്ലസ് വണ്‍ വിദ്യാര്‍ഥിയായ ആരിഫ് മുഹമ്മദ് ആണ് കൊല്ലപ്പെട്ടത്. ഏഴു പേര്‍ക്ക് പരിക്കേറ്റു. ജമ്മു കശ്‍മീരില്‍ സൈനികരുടെ പീഡനത്തിനിരയായെന്ന് ആരോപിയ്‌ക്കപ്പെട്ട പതിനാറുകാരി പെണ്‍കുട്ടിയെയും അച്ഛനെയും പൊലീസ് കരുതല്‍ തടങ്കലിലാക്കിയെന്ന് ബന്ധുക്കള്‍ ആരോപിച്ചു.

കഴിഞ്ഞയാഴ്ചയാണ് ജമ്മു കശ്‍മീരിലെ ഹന്ദ്വാരയില്‍ പതിനാറുകാരിയായ സ്കൂള്‍ വിദ്യാര്‍ഥിനിയെ ചില സൈനികര്‍ അപമാനിയ്‌ക്കാന്‍ ശ്രമിച്ചതായി ആരോപിച്ച് താഴ്വരയില്‍ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടത്. ഇതില്‍ പ്രതിഷേധിച്ച് ഹന്ദ്വാരയില്‍ നടന്ന പ്രതിഷേധറാലിയില്‍ കല്ലേറുണ്ടായതിനെത്തുടര്‍ന്ന് ജമ്മു കശ്‍മീര്‍ പൊലീസ് നടത്തിയ വെടിവെപ്പില്‍ ഒരു യുവ ക്രിക്കറ്ററും മുതിര്‍ന്ന സ്‌ത്രീയുമുള്‍പ്പടെ നാല് പേര്‍ കൊല്ലപ്പെട്ടിരുന്നു. ഹന്ദ്വാര വെടിവെപ്പില്‍ പ്രതിഷേധിച്ച് കശ്‍മീര്‍ താഴ്വരയില്‍ ബന്ദ് പ്രഖ്യാപിച്ചിരിക്കെയാണ് വീണ്ടും വെടിവയ്പുണ്ടായത്.

പ്രതിഷേധപ്രകടനങ്ങള്‍ക്ക് ആഹ്വാനം ചെയ്തതിനെത്തുടര്‍ന്ന് കശ്‍മീരിലെ വിഘടനവാദി നേതാക്കളെ പൊലീസ് കരുതല്‍ തടങ്കലിലാക്കിയെങ്കിലും പ്രതിഷേധവുമായെത്തിയവര്‍ അക്രമാസക്തരായതോടെ സൈന്യം വെടിയുതിര്‍ക്കുകയായിരുന്നു.  ഇതിനിടെ ജമ്മു കശ്‍മീരില്‍ സൈനികരുടെ പീഡനത്തിനിരയായെന്ന് ആരോപിയ്‌ക്കപ്പെട്ട പതിനാറുകാരി പെണ്‍കുട്ടിയെയും  അച്ഛനെയും പൊലീസ് കരുതല്‍ തടങ്കലിലാക്കിയെന്ന് ബന്ധുക്കള്‍ ആരോപിച്ചു. എന്നാല്‍ സുരക്ഷാപ്രശ്നങ്ങളുള്ളതിനാല്‍ പെണ്‍കുട്ടിയെയും അച്ഛനെയും കരുതല്‍ കസ്റ്റഡിയിലെടുത്തതാണെന്നാണ് പൊലീസിന്റെ വിശദീകരണം. മുഖ്യമന്ത്രി മെഹബൂബ മുഫ്തി പൊലീസുദ്യോഗസ്ഥരുടെ ഉന്നതതലയോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി.

click me!