പ്രത്യേക സഹായം വേണം; കേരളത്തിന്‍റെ അവസ്ഥ പ്രധാനമന്ത്രിയെ ധരിപ്പിച്ചതായി മുഖ്യമന്ത്രി

By Web TeamFirst Published Sep 25, 2018, 7:15 PM IST
Highlights

വായ്പാ പരിധി വര്‍ദ്ധിപ്പിക്കണം. ഗ്രാന്‍റ് ആവശ്യപ്പെട്ടത് അടിസ്ഥാന സൗകര്യ വികസനത്തിനെന്നും മുഖ്യമന്ത്രി പറഞ്ഞു. 
 

ദില്ലി: പ്രളയത്തില്‍ നിന്ന് കരകയറാന്‍ കേരളത്തിന്‍റെ ആവശ്യങ്ങള്‍ അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ച ഫലപ്രദമാണെന്നും നല്ല ഫലം പ്രതീക്ഷിക്കുന്നുവെന്നും കൂടിക്കാഴ്ചയ്ക്ക് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.  

കേന്ദ്രാവിഷ്കൃത പദ്ധതി വിഹിതം 10 ശതമാനം കൂട്ടണം. ദേശീയ ദുരിതാശ്വാസ നിധിയില്‍നിന്ന് 4796 കോടി രൂപ നല്‍കണം. 
5000 കോടിയുടെ പ്രത്യേക ഗ്രാന്‍റ് അനുവദിക്കണം. ഗ്രാന്‍റ് ആവശ്യപ്പെട്ടത് അടിസ്ഥാന സൗകര്യ വികസനത്തിനെന്നും മുഖ്യമന്ത്രി പറഞ്ഞു. 700 കുടുംബങ്ങള്‍ ഇപ്പോഴും ക്യാന്പുകളില്‍ കഴിയുന്നുണ്ട്. 1000 കണക്കിന് പേര്‍ക്കാണ് വീട് നഷ്ടപ്പെട്ടതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.  

ലോകബാങ്ക് എഡിബി സഹായം സ്വീകരിക്കാന്‍ കേന്ദ്രം സഹായിക്കണമെന്നും ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി അറിയിച്ചു. ഉന്നയിച്ച പ്രശ്നങ്ങളില്‍ ആവശ്യമായ നടപടിയെടുക്കുമെന്ന് പ്രധാനമന്ത്രി ഉറപ്പ് നല്‍കി. കേരളത്തെ കേന്ദ്ര ഏജന്‍സികള്‍ സഹായിച്ചുവെന്നും കേന്ദ്രം നല്‍കിയ സഹായത്തിന് നന്ദി അറിയിച്ചുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 

അതേസമയം വിദേശ സഹായം സ്വീകരിക്കുന്നതില്‍ തടസ്സമുണ്ടെന്ന് പ്രധാനമന്ത്രി അറിയിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ 
വിദേശകന്പനി കേരളത്തെ സഹായിക്കുന്നതില്‍ തടസമില്ല. വിദേശ രാജ്യം നല്‍കുന്ന സഹായം സ്വീകരിക്കുന്നതിലാണ് സംസ്ഥാനത്തിന്റെ അധികാരപരിധിയില്‍ ചില തടസങ്ങളുള്ളതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സാലറി ചലഞ്ച് വിവാദമാക്കിയത് മാധ്യമങ്ങളെന്നും ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു. 

 

click me!