ശബരിമല: 'കോപ്രായവും പിപ്പിരി'യും കണ്ട് സര്‍ക്കാര്‍ ചൂളിപ്പോകില്ലെന്ന് മുഖ്യമന്ത്രി

By Web TeamFirst Published Oct 25, 2018, 6:04 PM IST
Highlights

തീപ്പൊരി കണ്ട് ചൂളിപ്പോകുന്ന സര്‍ക്കാരല്ല കേരളത്തിലേത്. ഈ കളിയൊന്നും കണ്ടിട്ട് വേവലാതിപ്പെടേണ്ട. ശബരിമലയെ തകര്‍ക്കാനുള്ള നീക്കമാണ് ഇപ്പോള്‍ നടക്കുന്നത്. ഒരു നേതാവ് ചോര വീഴ്ത്താനുള്ള സംഘത്തെ നിറുത്തിയത് ശബരിമല തകർക്കാനാണ്. 

കോട്ടയം: ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ സുപ്രീംകോടതി വിധി നടപ്പാക്കുമെന്ന നിലപാട് ആവര്‍ത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ചിലര്‍ കോപ്രായം കാണിച്ചാല്‍ മതനിരപേക്ഷത തകര്‍ക്കാനിവില്ല. തീപ്പൊരിയും പിപ്പിരിയും കണ്ട് ചൂളിപ്പോകുന്ന സര്‍ക്കാരല്ല കേരളത്തിലേതെന്നും ഈ കളിയൊന്നും കണ്ടിട്ട് വേവലാതിപ്പെടേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ശബരിമലയെ തകര്‍ക്കാനുള്ള നീക്കമാണ് ഇപ്പോള്‍ നടക്കുന്നത്. ഒരു നേതാവ് ചോര വീഴ്ത്താനുള്ള സംഘത്തെ നിറുത്തിയത് ശബരിമല തകർക്കാനാണ്. അതിനൊപ്പം വിശ്വാസികള്‍ക്ക് നില്‍ക്കാനാകുമോ എന്നും അദ്ദേഹം ചോദിച്ചു. 

ആർ എസ് എസ് പ്രത്യേക പരിശീലനം നൽകിയ ക്രിമിനലുകളാണ് ആക്രമണം നടത്തിയത്. സുപ്രീംകോടതിയുടെ ഭരണഘടനാ ബഞ്ചിനെതിരെയാണ് ഇവരുടെ സമരം. ഭരണഘടനയിലെ മൗലികാവകാശങ്ങളുടെ ലംഘനമാണ് നടക്കുന്നത്. ഇവരെ ശബരിമലയില്‍ കേന്ദ്രീകരിക്കാന്‍ ഇനി അനുവദിക്കില്ല. ആരോടാണ് ഈ സമരമെന്നും എന്തിനാണ് ഈ സമരമെന്നും മുഖ്യമന്ത്രി ചോദിച്ചു. 

ഇത്ര ക്രൂരമായി മാധ്യമ പ്രവർത്തകര്‍ ഇതുവരെ ആക്രമിക്കപ്പെട്ടിട്ടില്ല. മാധ്യമ പ്രവർത്തകർ എന്ത് പറയണം എന്ന് ആക്രോശിക്കുകയായിരുന്നു അവര്‍. മാധ്യമ പ്രവർത്തനം എന്താണ് എന്നറിയാത്തവരാണ് അവിടെ എത്തിയതെന്നും മാധ്യമപ്രവര്‍ത്തകര്‍ നിലയ്ക്കലും പമ്പയിലും ആക്രമിക്കപ്പെട്ടതിനെ ഓര്‍മ്മിപ്പിച്ച് മുഖ്യമന്ത്രി വ്യക്തമാക്കി. 

പാര്‍ലമെന്‍ററി ജനാധിപത്യത്തിനെതിരാണ് സംഘപരിവാര്‍. അവര്‍ക്ക് ജനാധിപത്യത്തോട് പുച്ഛമാണ്. കോൺഗ്രസിലെ ഒരു വിഭാഗം നേതാക്കൾ ബി ജെ പിയുടെ റിക്രൂട്ട്മെന്റ് ഏജൻസിയായി പ്രവര്‍ത്തിക്കുന്നുവെന്നും മുഖ്യമന്ത്രി. തിരുവനന്തപുരം, പത്തനംതിട്ട, കൊല്ലം ജില്ലകളിലെ ശബരിമല രാഷ്ട്രീയ വിശദീകരണ യോഗത്തിന് ശേഷം കോട്ടയത്ത് നടക്കുന്ന യോഗത്തില്‍ സംസാരിക്കുകയാണ് അദ്ദേഹം. 
 

click me!